പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും, പഴയതുപോലെ ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയുന്നില്ല ; പ്രശസ്ത വൃക്കരോഗ വിദഗ്ധനായ ഡോ. ജോര്‍ജ് പി. എബ്രഹാം മരിച്ച നിലയില്‍ ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

കൊച്ചി: പ്രശസ്ത വൃക്കരോഗ വിദഗ്ധനായ ഡോ. ജോര്‍ജ് പി. എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശേരിക്കു സമീപം തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയിലെ വൃക്കരോഗ വിഭാഗം സീനിയര്‍ സര്‍ജനായിരുന്നു. ഫാം ഹൗസില്‍ നിന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പ്രായാധിക്യവും അതിന്റെ ഭാഗമായുള്ള ആരോഗ്യപ്രശ്‌നങ്ങളും അലട്ടുന്നുണ്ടെന്നാണ് അദ്ദേഹം ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. പഴയതുപോലെ ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയുന്നില്ലെന്നും അതില്‍ നിരാശയുണ്ടെന്നും ആത്മഹത്യാക്കുറിപ്പില്‍ വിവരിക്കുന്നതായി പൊലീസ് അറിയിച്ചു.

സഹോദരനും മറ്റൊരാള്‍ക്കും ഒപ്പം അദ്ദേഹം കഴിഞ്ഞദിവസം വൈകിട്ട് വരെ ഫാം ഹൗസില്‍ ഉണ്ടായിരുന്നു. പിന്നീട് രാത്രിയോടെ സഹോദരനും കൂടെയുള്ള ആളും മടങ്ങി. പിന്നീട് രാത്രി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അടുത്തിടെ അദ്ദേഹത്തിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നതായാണ് വിവരം.

രാജ്യത്തെ തന്നെ വൃക്ക രോഗ ചികിത്സയില്‍ ഒട്ടേറെ നേട്ടങ്ങള്‍ സൃഷ്ടിച്ച വ്യക്തിയാണ്. 32 വര്‍ഷം നീണ്ട കരിയറില്‍ അദ്ദേഹം രണ്ടായിരത്തി അഞ്ഞൂറിലേറെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ആളാണ് ഡോക്ടര്‍ ജോര്‍ജ് പി എബ്രഹാം. ജീവിച്ചിരിക്കുന്ന ദാതാവിന് ലാപ്രോസ്‌കോപ്പിക് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ലോകത്തെ മൂന്നാമത്തെ സര്‍ജനെന്ന വിശേഷണവും ഇദ്ദേഹത്തിനുണ്ട്.

ബ്രഹ്മപുരത്ത് ജനിച്ച ഡോ. ജോര്‍ജ് പി.അബ്രഹാം എളംകുളം പളത്തുള്ളില്‍ കൂളിയാട്ട് വീട്ടിലായിരുന്നു താമസം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഇന്‍ഫോപാര്‍ക്ക് ഫേസ് – 2വിന് അടുത്തുള്ള ചെറുതോട്ടുകുന്നേല്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍.

error: Content is protected !!