തിരൂര്‍ ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനായുള്ള നടപടികള്‍ക്ക് പ്രൊപ്പോസല്‍ തയാറാക്കാന്‍ സമിതിയെ നിയോഗിച്ചു. ഒഫ്ത്താല്‍മോളജി, ഗ്യാസ്ട്രോഎന്‍ട്രോളജി, ഗൈനക്കോളജി വിഭാഗങ്ങളില്‍ എന്‍.എച്ച്.എം മുഖേന എത്രയും വേഗം താത്ക്കാലികമായി ഡോക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനം. ജില്ലാ ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാറിലേക്ക് നല്‍കിയ ശുപാര്‍ശയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍ദേശം നല്‍കി. അനസ്തറ്റിക്സ് തസ്തികയില്‍ താത്ക്കാലിക സംവിധാനം വേണമെന്ന ആവശ്യത്തില്‍ സാധ്യത പരിശോധിക്കാനും ഡയാലിസിസ് കേന്ദ്രത്തില്‍ ഒരു ഷിഫ്റ്റ് കൂടി ഉള്‍പ്പെടുത്തുന്നതിനായി മൂന്ന് ടെക്നീഷ്യന്‍മാരെ നിയമിക്കാന്‍ എച്ച്.എം.സി വഴി ഫണ്ട് കണ്ടെത്താനും തീരുമാനമായി.
ആധുനിക ലേബര്‍ റൂം സൗകര്യം ഒരുക്കാന്‍ മൂന്നുമാസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കും. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഒരു മാസത്തിനകം സജ്ജീകരിക്കണമെന്നും മാര്‍ച്ച് 15നകം പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നും കരാറെടുത്ത കണ്‍സല്‍ട്ടന്‍സി കമ്പനി പ്രതിനിധിയോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 31ന് ശേഷവും പ്രവൃത്തി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പിഴ ചുമത്തുമെന്നും കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ സര്‍ക്കാറിനെ വിവരം അറിയിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഓങ്കോളജി വിഭാഗം പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനായുള്ള ഏകോപനത്തിന് സ്ഥിരം സമിതി രൂപീകരിച്ചു. എല്ലാമാസവും ആദ്യവാരത്തില്‍ സമിതി യോഗം ചേരും. സിവില്‍, മെഡിക്കല്‍, എച്ച്.ആര്‍ മേഖലയില്‍ ഭൗതിക വികസനം സമിതി ഉറപ്പുവരുത്തും. മോര്‍ച്ചറി ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ വികസനത്തിനായി ആവിഷ്‌കരിച്ച വാപ്പ്കോസ് മാസ്റ്റര്‍ പ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിലെ സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ആശുപത്രി വളപ്പിലെ പൊളിച്ചുമാറ്റാനുള്ള കെട്ടിടങ്ങളുടെ മൂല്യം നിര്‍ണയിക്കാന്‍ എല്‍.എസ്.ജി.ഡി എ.ഇയ്ക്ക് നിര്‍ദേശം നല്‍കി.
മാസ്റ്റര്‍ പ്ലാനില്‍ മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കൂടി ഉള്‍പ്പെടുത്തി തുടര്‍ നടപടി സ്വീകരിക്കാന്‍ ഡി.എം.ഒയെ ചുമതലപ്പെടുത്തി. വളവന്നൂരിലെ ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തിരൂര്‍ ജില്ലാ ആശുപത്രിയുടെ ഉപകേന്ദ്രം തുടങ്ങുന്നതിനും തിരൂര്‍ ജില്ലാ ആശുപത്രി വിപുലീകരണത്തിനായി സമീപമുള്ള ബി.എസ്.എന്‍.എല്ലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പാട്ടത്തിന് ലഭ്യമാക്കാനും ഡി.എം.ഒ, ആശുപത്രി സൂപ്രണ്ട് എന്നിവരുമായി കൂടിയാലോചിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തി. ആശുപത്രിയില്‍ മലിനജലം കെട്ടികിടക്കുന്നത് ഒഴിവാക്കാന്‍ ജില്ലാ പഞ്ചായത്തുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കാന്‍ ജില്ലാകലക്ടര്‍ നിര്‍ദേശിച്ചു.
ശുചിത്വ മിഷന്‍ കോര്‍ഡിനേറ്ററെ കൂടി പങ്കാളിത്തത്തില്‍ സ്ഥലം സന്ദര്‍ശിച്ച് താത്ക്കാലിക നടപടി വേഗത്തില്‍ സ്വീകരിക്കാനും നാലുമാസത്തിനകം ശാശ്വത പ്രശ്ന പരിഹാരമുണ്ടാക്കാനും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കി. ജില്ലാ ആശുപത്രിയിലുണ്ടായ ലിഫ്റ്റ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായ യുവാവിന് അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്ന ആവശ്യത്തില്‍ കുടുംബാംഗത്തിന് കുടുംബശ്രീയിലേ തൊഴിലുറപ്പിലോ ജോലി നല്‍കുന്നതിന് സാധ്യത പരിശോധിക്കാമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ആശുപത്രിയിലേക്ക് ആവശ്യമായ ജലം ഗ്രൗണ്ട് ലെവലില്‍ എത്തിക്കാന്‍ സൗകര്യമുണ്ടെന്ന് വാട്ടര്‍ അതോറിറ്റി അധികൃതരും അറിയിച്ചു. ആശുപത്രി കെട്ടിടങ്ങളുടെ മുകള്‍ നിലകളിലേക്ക് ജലം എത്തിക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ ഇടപെടാനും തീരുമാനമായി.
തീരദേശ മേഖലയിലുള്ളവര്‍ കൂടുതല്‍ ആശ്രയിക്കുന്ന തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സമയബന്ധിതമായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ജില്ലാകലക്ടര്‍ വി.ആര്‍പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നത്. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, ജില്ലാപഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എ.എച്ച് റംഷീന, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.എ ഫാത്തിമ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, അബ്ദുള്‍ റഷീദ് തുടങ്ങിയ ജില്ലാതല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.