
വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്കൂളുകളെ ചേർത്ത വിദ്യാഭ്യാസ ജില്ലയായി വേങ്ങര വിദ്യാഭ്യാസ ജില്ല. കൂടാതെ ജില്ലയിൽ എസ്.എസ്.എസ് സ്കീമിൽ സമ്പൂർണ നേട്ടം കൈവരിക്കുന്ന ആദ്യത്തെ വിദ്യാഭ്യാസ ജില്ലയായും വേങ്ങര വിദ്യാഭ്യാസ ഉപജില്ല മാറി. ഉപജില്ലയിലെ മുഴുവൻ സ്കൂളുകളും എസ്.എസ്.എസ് പദ്ധതിയിൽ അംഗങ്ങളായതോടെയാണ് ഈ നേട്ടം സ്വന്തമായത്.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ കലക്ടർ വി.ആർ വിനോദ് വേങ്ങര എ ഇ ഒ ടി. പ്രമോദിനെ ഉപഹാരം നൽകി ആദരിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ (ഇൻ ചാർജ് ) കെ. ഗീതാകുമാരി , എൻ.എസ്.ഡി ഡെപ്യൂട്ടി ഡയറക്ടർ എം ഉണ്ണികൃഷ്ണൻ, എൻ.എസ്.ഡി അസിസ്റ്റൻഡ് ഡയറക്ടർ ജിതിൻ.കെ. ജോൺ , വേങ്ങര എച്ച്.എം ഫോറം കൺവീനർ സി. അബ്ദുൽ റസാഖ് തുടങ്ങിയവർ സംബന്ധിച്ചു.
എസ്.എസ്.എസ് പദ്ധതിയിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്ക് ട്രഷറി സേവിംഗ്സ് അക്കൗണ്ട് വഴി പണം നിക്ഷേപിക്കാനും ആകർഷകമായ പലിശ നേടാനും സാധിക്കും. കൂടാതെ, വിദ്യാർത്ഥികൾക്ക് സാമ്പത്തിക കാര്യങ്ങളെ കുറിച്ച് അവബോധം നൽകുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. എസ്.എസ്.എസ് സ്കീമിൽ മലപ്പുറം ജില്ലയിൽ നിലവിൽ 552 സ്കൂളുകളാണ് അംഗങ്ങളായുള്ളത്.