
എടപ്പാള്‍ : തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കില്‍ ഇമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷിന്റെ എടപ്പാളിലെ വീട്ടില്‍ തിരുവനന്തപുരം പേട്ട പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഒളിവിലുള്ള സുകാന്തിന്റെ വീട്ടില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ ഹാര്‍ഡ് ഡിസ്‌ക്കും പാസ്ബുക്കുകളും കണ്ടെത്തി. പൂട്ടികിടന്ന വീട് തല്ലി തുറന്നായിരുന്നു പരിശോധന. പേട്ട പൊലീസും ചങ്ങരംകുളം പൊലീസും ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്.
വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സുകാന്തിന്റെ കുടുംബം വീടുപൂട്ടി താമസം മാറിയിരുന്നു. ഇന്നലെ വൈകിട്ട് മൂന്നരയോടെ വീട്ടിലെത്തിയ അന്വേഷണസംഘം, കുടുംബം അയല്‍വീട്ടില്‍ ഏല്‍പിച്ചുപോയ താക്കോല്‍ വാങ്ങി വീടു തുറന്നു പരിശോധിക്കുകയായിരുന്നു. സുകാന്തിന്റെ മുറിയുടെ വാതിലിന്റെയും അലമാരയുടെയും പൂട്ടു തകര്‍ത്തു നടത്തിയ പരിശോധനയില്‍, ഒരു ഹാര്‍ഡ് ഡിസ്‌കും രണ്ടു പാസ്ബുക്കുകളും അന്വേഷണ സംഘം എടുത്തു. മുറിയിലുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ചു.
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. പേട്ട എസ്‌ഐ ബാലു, സിവില്‍ പൊലീസ് ഓഫിസര്‍ അന്‍സാര്‍, ചങ്ങരംകുളം സ്റ്റേഷനിലെ സീനിയര്‍ സിപിഒ സബീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വാര്‍ഡ് മെമ്പര്‍ ഇ.എസ്.സുകുമാരനും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ഇവരുടെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ നേരത്തെ പഞ്ചായത്ത് ഇടപെട്ട് മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു.
മാര്‍ച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
കൊച്ചിയില്‍ ഐ ബി ഉദ്യോഗസ്ഥനാണ് സുകാന്ത്. യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കാന്‍ സുകാന്ത് വ്യാജരേഖകളുണ്ടാക്കി എന്ന വിവരങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് തയാറാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉള്‍പ്പെടെ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തി. ജൂലായില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് യുവതിയെ ഗര്‍ഭഛിദ്രം നടത്തിയത്. ഇതിന് ശേഷം സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്‍മാറി. മരണത്തിന് ഏതാനും ദിവസം മുന്‍പ് വിവാഹത്തിന് സമ്മതമല്ലന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചതായും പൊലീസ് വ്യക്തമാക്കി. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രയാസമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്.