
മലപ്പുറം: യാത്രക്കാര്‍ക്കു സുരക്ഷിത ഭക്ഷണം ഉറപ്പാക്കലുമായി ബന്ധപ്പെട്ട്, വൃത്തിയും ഭക്ഷ്യസുരക്ഷാ മികവും വിലയിരുത്തുന്ന ഈറ്റ് റൈറ്റ് സ്റ്റേഷന്‍ പദവി നേടി ജില്ലയിലെ നാലു റെയില്‍വേ സ്റ്റേഷനുകള്‍. അങ്ങാടിപ്പുറം, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനുകളാണ് ഈറ്റ് റൈറ്റ് പദവി നേടിയത്. ഭക്ഷ്യവസ്തുക്കളുടെ കൃത്യമായ പരിശോധനയും ശുദ്ധജലം ലഭ്യമാക്കുന്നതും ശുചിത്വം നിലനിര്‍ത്തുന്നതുമെല്ലാം പരിഗണിച്ചാണ് അംഗീകാരം. കേരളത്തില്‍ ആകെ 35 റെയില്‍വേ സ്‌റ്റേഷനുകള്‍ക്കു പദവി ലഭിച്ചു. റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷ്യവില്‍പന സ്ഥാപനങ്ങളുടെ അടുക്കളകള്‍ മുതല്‍ ഭക്ഷണവിതരണം വരെ പരിശോധിച്ചാണ് ഈ അംഗീകാരം നല്‍കുന്നത്.
കഴിഞ്ഞ വര്‍ഷം പ്രത്യേക പദവി നേടിയ കേരളത്തിലെ 26 റെയില്‍വേ സ്റ്റേഷനുകള്‍ക്കൊപ്പം തിരൂരും പരപ്പനങ്ങാടിയുമാണ് ഉണ്ടായിരുന്നത്. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയിലുള്‍പ്പെട്ട് നവീകരണ പ്രവൃത്തികള്‍ നടക്കുന്ന സ്റ്റേഷന്‍ കൂടിയാണ് അങ്ങാടിപ്പുറം.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നല്‍കുന്നതാണ് മികവിന്റെ ഈ സാക്ഷ്യപത്രം. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ചാണ് റെയില്‍വേയും ഐആര്‍സിടിഇയും ഇതുമായി ബന്ധപ്പെട്ട സര്‍വേകളും പരിശോധനകളും പരിശീലനങ്ങളുമെല്ലാം നടപ്പാക്കുന്നത്.