
എറണാകുളം : എറണാകുളത്ത് ഇന്ന് നടക്കുന്ന വഖഫ് സംരക്ഷണ റാലിയില്‍ നിന്ന് സമ്മേളനത്തിന്റെ ഉദ്ഘാടകനായ സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പിന്‍മാറി. പരിപാടിയിലേക്ക് പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതില്‍ സമസ്തയിലെ മുസ്ലീം ലീഗ് അനുകൂല വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്‍മാറ്റം.
വഖഫ് സംരക്ഷണ റാലിയില്‍ പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇടപെടുകയും പരസ്യമായ തര്‍ക്കത്തിലേക്ക് പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സമസ്തയുടെ ജില്ലാ ജനറല്‍ സെക്രട്ടറി ഓണംപള്ളി മുഹമ്മദ് ഫൈസി അടക്കമുള്ള മുസ്ലീം ലീഗ് അനുകൂല വിഭാഗവും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും പരിപാടിയില്‍ പങ്കെടുക്കില്ല. പാണക്കാട് തങ്ങള്‍മാരെ ഒഴിവാക്കികൊണ്ട് നടത്തുന്ന ഒരു സുന്നി ഐക്യത്തിന് കേരളത്തില്‍ പ്രസക്തിയില്ലെന്ന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.