
ചെമ്മാട് : ജനാധിപത്യ പ്രക്രിയയെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ ഖിദ്മത്തുൽ ഇസ്ലാം ബി ബ്രാഞ്ച് മദ്റസയിൽ നടന്ന മദ്രസ പാർലമെന്റ് തെരഞ്ഞെടുപ്പ്-25 ശ്രദ്ധേയമായി. പൊതു തിരഞ്ഞെടുപ്പിന്റെ മാതൃകയിലാണ് ഹെഡ് ബോയ്, ഹെഡ് ഗേൾ സ്ഥാനത്തേക്ക് ഇലക്ഷൻ നടന്നത്.
ഇലക്ഷൻ പ്രഖ്യാപനം, നോമിനേഷൻ സ്വീകരിക്കൽ, പരസ്യപ്രചാരണം, എക്സിറ്റ് പോൾ റിപ്പോർട്ട് തുടങ്ങിയ ഘട്ടങ്ങൾക്കുശേഷമാണ് ഇലക്ഷൻ, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം എന്നിവ കഴിഞ്ഞ മെയ് പത്തിന് നടന്നത്.
മൂന്നാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള 179 വോട്ടർമാരിൽ 168 പേരും വോട്ട് രേഖപ്പെടുത്തി. 94 ശതമാനമുള്ള പോളിങ്ങിൽ 8 അസാധു വോട്ടുകളും ഉണ്ട്.
ഹെഡ് ബോയ് സ്ഥാനത്തേക്ക് മത്സരിച്ചവരിൽ സി. എച് സിനാൻ, സി. ഹനാൻ, കെ.പി ഫഹദ് എന്നിവരും ഹെഡ് ഗേൾ സ്ഥാനത്തേക്ക് മത്സരിച്ചവരിൽ കെ. അർഷിദ, സി. എം ഹൈഫ, കെ. പി ഹന്ന ഫാത്തിമ, പി. ഫെല്ല എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വോട്ടെണ്ണൽ, ഫലപ്രഖ്യാപനം എന്നിവക്ക് സ്വദർ മുഅല്ലിം മൻസൂർ മൗലവി സബ് കമ്മറ്റി ചെയർമാൻ എം. എൻ ഇസ്മാഈൽ എന്നിവർ നേതൃത്വം നൽകി.