ഹജ്ജ് 2025 : വനിതാ തീര്‍ത്ഥാടക സംഘങ്ങള്‍ യാത്രയായി

കരിപ്പൂര്‍ : ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി വനിതാ തീര്‍ത്ഥാടകര്‍ മാത്രമുള്ള നാല് വിമാനങ്ങള്‍ സംസ്ഥാനത്ത് നിന്നും ഇത് വരെ സര്‍വ്വീസ് നടത്തി. കോഴിക്കോട് നിന്നും മൂന്ന് വിമാനങ്ങളിലായി 515, കണ്ണൂരില്‍ നിന്നും രണ്ട് വിമാനങ്ങളിലായി 342 പേരുമാണ് യാത്രയായത്.

കോഴിക്കോട് നിന്നും തിങ്കളാഴ്ച രാവിലെ 8.5 നും വൈകുന്നേരം 4.30 ചൊവ്വാഴ്ച പുലര്‍ച്ചെ 12.45 നുമാണ് വനിതാ തീര്‍ത്ഥാടകരുമായി വിമാനങ്ങള്‍ പുറപ്പെട്ടത്. കണ്ണൂരില്‍ നിന്നും തിങ്കളാഴ്ച പുലര്‍ച്ചെ 3.55 നും വൈകുന്നേരം 7.25 നും പുറപ്പെട്ട വിമാനങ്ങളില്‍ 171 പേര്‍ വീതമാണ് യാത്രയായത്. വനിതാ തീര്‍ത്ഥാടകരോടൊപ്പം സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ സേവനം ചെയ്യുന്ന വനിതാ ഉദ്യോഗസ്ഥരാണ് സേവനത്തിനായി പുറപ്പെട്ടത്.

ലേഡീസ് വിത്തൗട്ട് മെഹ്‌റം വിഭാഗത്തില്‍ പെട്ട തീര്‍ത്ഥാടകര്‍ക്കായി കോഴിക്കോട് നിന്നും അഞ്ച് , കൊച്ചിയില്‍ നിന്നും മൂന്ന്, കണ്ണൂരില്‍ നിന്നും നാല് വീതം വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. കോഴിക്കോട് നിന്നും ശേഷിക്കുന്ന വനിതാ വിമാനങ്ങള്‍ ചൊവ്വാഴ്ച വൈകുന്നരം 4.5 നും ബുധനാഴ്ച രാവിലെ 7.40 നുമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

കണ്ണൂരില്‍ നിന്നും ചൊവ്വാഴ്ചയിലെ രണ്ട് സര്‍വ്വീസുകളും വനിതകള്‍ക്ക് മാത്രമായിരിക്കും. കോഴിക്കോട് നിന്നും ബുധാനാഴ്ച മൂന്ന് വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുക. പുലര്‍ച്ചെ 12.40 നും രാവിലെ 7.40 നും വൈകുന്നേരം 4.5 നുമാണ് സര്‍വ്വീസ്. രണ്ടാമത്തെ വിമാനത്തില്‍ വനിതാ തീര്‍ത്ഥാടകര്‍ മാത്രമായിരിക്കും പുറപ്പെടുക.

വനിതാ തീര്‍ത്ഥാടകര്‍ക്ക് മാത്രമായുള്ള കരിപ്പൂരിലെ പുതിയ കെട്ടിടം തീര്‍ത്ഥാടകര്‍ക്ക് ഏറെ സൗകര്യപ്രദമാണ്. പ്രായമായവര്‍ക്കും ശാരീരിക പ്രയാസങ്ങളനുഭവിക്കുന്നവര്‍ക്കും വിശ്രമം, പ്രാര്‍ത്ഥന എന്നിവക്കായി പ്രത്യേകമായ ശീതീകരിച്ച മുറികളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വനിതാ തീര്‍ത്ഥാടകര്‍ കൂടുതലായി എത്തിയ കഴിഞ്ഞ ദിവസങ്ങളില്‍ എയര്‍പോട്ടിലും ഹജ്ജ് ക്യാമ്പിലും ഹജ്ജ് കമ്മിറ്റി പ്രത്യേക സൗകര്യങ്ങളൊരുക്കിയിരുന്നു.

കരിപ്പൂരില്‍ ഇന്ന് തിങ്കളാഴ്ച നടന്ന യാത്രയയപ്പ് സംഗമങ്ങള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മെമ്പര്‍ അഷ്‌കര്‍ കോറാട് നേതൃത്വം നല്‍കി. ഹജ്ജ് സെല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ യു.അബ്ദുല്‍ കരീം ഐ.പി.സ് (റിട്ട), ഊരകം അബ്ദു റഹ്‌മാന്‍ സഖാഫി, യൂസുഫ് പടനിലം, ഹജ്ജ് സെല്‍ ഓഫീസര്‍ കെ.കെ മൊയ്തീന്‍ കുട്ടി ഐ.പി.എസ് തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!