കടുവ സാന്നിധ്യം; ഉറക്കം നഷ്ടപ്പെട്ട് മലയോര നിവാസികൾ

കാളികാവ് : നരഭോജിക്കടുവയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കുമ്പോഴും ഉറക്കം നഷ്ട്ടപ്പെട്ട് മലയോര നിവാസികൾ. ടാപ്പിങ്ങിന് പോലും പോകാൻ കഴിയാതെ ഭീതിയിലാണ് കർഷകർ. കഴിഞ്ഞ രണ്ടുവർഷമായി പാറശ്ശേരി എഴുപതേക്കർ, കുറുക്കനങ്ങാടി ഭാഗങ്ങളിൽ നാട്ടുകാർക്ക് വളർത്തുമൃഗങ്ങളെ നഷ്ടപ്പെടാൻ തുടങ്ങിയിട്ട്. കരുവാരക്കുണ്ട് പാന്തറയിലും കഴിഞ്ഞ ദിവസം കടുവയെ നാട്ടുകാർ കണ്ടിരുന്നു. നാട്ടുകാർ പലപ്രാവശ്യം സമരം ചെയ്തിട്ടും കൂട് സ്ഥാപിക്കാൻ പോലും അധികൃതർ തയ്യാറാകാത്തതിൽ വ്യാപക പ്രതിഷേധമുണ്ട്.

ഇതിനിടത്തിലാണ് ടാപ്പിങ് തൊഴിലാളി കടുവ ആക്രമണത്തിൽ മരിച്ചത്. വൈദ്യുത വേലികൾ സ്ഥാപിച്ചാണ് ആന, കുരങ്ങ്, പന്നി തുടങ്ങിയ മൃഗങ്ങളിൽ നിന്ന് കർഷകർ കൃഷിയെ സംരക്ഷിക്കുന്നത്. പോത്തൻകാട്, മാഞ്ചോല, ഉമ്മച്ചൻകാട്, റാവുത്തൻ കാട്, കേരള എസ്റ്റേറ്റ്, പുല്ലങ്കോട് എസ്റ്റേറ്റ് തുടങ്ങി പശ്ചിമഘട്ടത്തിലെ ഈ മലയോരത്ത് പുലർച്ചെ മൂന്നു മുതൽ ടാപ്പിങ് ജോലി തുടങ്ങുന്നവരാണ് മിക്ക കർഷകരും. കടുവയെ പിടികൂടിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു.

error: Content is protected !!