
വയനാട് : വയനാട് വീണ്ടും കടുവ ആക്രമണം. കാപ്പി പറിക്കാന്‍ പോയ സ്ത്രീക്ക് ദാരുണാന്ത്യം. വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ അച്ഛപ്പന്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. ആദിവാസി വിഭാഗത്തിലെ ഇവര്‍ പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാന്‍ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. മാവോയിസ്റ്റ് തെരച്ചിലിനിടയില്‍ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളാണ് മൃതദേഹം കണ്ടത്. ഇവരുടെ തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയിലാണ്.
മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്. കാടിനോട് ചേര്‍ന്നാണ് തോട്ടമെന്നും കടുവ സ്ത്രീയെ വലിച്ചിഴച്ചു പോയ പാടുകള്‍ കാണുന്നുണ്ടെന്നും സമീപവാസികള്‍ പറയുന്നു. തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന ആരംഭിച്ചു. മാനന്തവാടി പോലീസിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കടുവ ആക്രമണമുണ്ടായതിനേത്തുടര്‍ന്ന് പ്രദേശവാസികള്‍ സംഭവസ്ഥലത്ത് വനംവകുപ്പിനെതിരേ പ്രതിഷേധിക്കുകയാണ്. മന്ത്രി ഒ.ആര്‍. കേളു സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.