
കുറ്റിപ്പുറം : കുറ്റിപ്പുറം പാണ്ടികശാലയിൽ സർവീസ് റോഡിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾ അപകട ഭീഷണിയിൽ. കുറ്റിപ്പുറത്തു നിന്ന് വളാഞ്ചേരി ഭാഗത്തേക്കുള്ള സർവീസ് റോഡിന് സമീപത്തെ കുന്ന് ഏത് സമയത്തും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. കഴിഞ്ഞവർഷം മഴയിൽ ഈ ഭാഗത്ത് 2 തവണ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. അന്ന് ഇതുവഴി കടന്നുവന്ന ഗുഡ്സ് വാൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബലം കുറഞ്ഞ മണ്ണുള്ള പ്രദേശമാണിത്. ഈ ഭാഗത്ത് കുന്നിടിച്ചാണ് ആറുവരിപ്പാതയും സർവീസ് റോഡും നിർമ്മിച്ചിട്ടുള്ളത്. സർവീസ് റോഡിന് സമീപത്തെ കുന്നാണ് 2 തവണ ഇടിഞ്ഞത്. ഉയരത്തിലുള്ള കുന്ന് വലിയതോതിൽ ഇടിഞ്ഞാൽ സർവീസ് റോഡിലെ വാഹനങ്ങൾക്ക് മുകളിലാവും പതിക്കുക. റോഡിന് ഇരുവശത്തുള്ള ഇത്തരം കുന്നുകളും മറ്റും കോൺഗ്രീറ്റ് ചെയ്ത് സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിലും ഈ ഭാഗത്ത് ഇതുണ്ടായിട്ടില്ല.
കുന്നിന് വശത്ത് ഇരുമ്പ് നെറ്റ് സ്ഥാപിച്ച് കോൺഗ്രീറ് ചെയ്യാനായി കുന്നിന് ഉള്ളിലേക്ക് റോഡിന്റെ ഭാഗത്തുനിന്ന് വലിയ ഇരുമ്പ് കമ്പികൾ അടിച്ചു കയറ്റേണ്ടതുണ്ട്. ഇത്തരത്തിൽ കമ്പികൾ അടിച്ചുകയറ്റുന്നത് സമീപത്തെ വീടുകൾക്കും മറ്റും അടിയിലേക്കാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതോടെ ഈ ഭാഗത്തെ കോൺഗ്രീറ്റ് ജോലികൾ കരാർ കമ്പനി ഉപേക്ഷിക്കുകയായിരുന്നു. വളാഞ്ചേരിയിലേക്കുള്ള സ്വകാര്യ ബസുകൾ അടക്കമുള്ള വാഹനങ്ങളും കാൽനട യാത്രക്കാരും കടന്നുപോകുന്ന റോഡിന്റെ ഒരു ഭാഗമാണ് ഏത് നിമിഷവും ഇടിഞ്ഞുവീഴാറായി നിൽക്കുന്നത്. ഈ ഭാഗത്ത് മണ്ണിടിച്ചിൽ തടയാൻ കോൺഗ്രീറ്റ് മതിൽ സ്ഥാപിച്ച് വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്.