
കുറ്റിപ്പുറം : കൂരിയാടിനു മുൻപ് മുന്നറിയിപ്പായി 2024 സെപ്റ്റംബർ 11 ന് തവനൂർ തണ്ടിലത്തും വയൽ പ്രദേശത്ത് ആറുവരിപ്പാത ഇടിഞ്ഞു താണിരുന്നു. അന്ന് അധികൃതർ അത് ഗൗരവമായി കണ്ടില്ല. തണ്ടിലം പന്തേപാലത്തിന് സമീപത്തായി ഇരു വശത്തും പൂട്ടുകട്ട പാകി മണ്ണിട്ട് ഉയർത്തിയ പുതിയ പാതയാണ് ഇടിഞ്ഞുതാണത്. പാതയ്ക്ക് അടിയിലെ ഡ്രെയിനേജ് സംവിധാനത്തിനോട് ചേർന്നാണ് തകർച്ചയുണ്ടായത്. പ്രധാന റോഡിന്റെ മുകൾഭാഗം വിണ്ടുകീറി താഴ്ന്നതോടെ സർവീസ് റോഡ് ഉയർന്നുപൊങ്ങി. മുകൾഭാഗത്തെ റോഡിലെ മണ്ണ് ഇടിഞ്ഞതോടെ സർവീസ് റോഡിന് അടിയിലെ സ്ലാബ് ഉയർന്നുപൊങ്ങുകയായിരുന്നു. വാഹനങ്ങൾ പോകുന്നതിനിടെയായിരുന്നു അപകടം. ഗതാഗതം നിർത്തിവച്ച് ദിവസങ്ങളെടുത്താണ് അറ്റകുറ്റപ്പണി നടത്തിയത്. തവനൂർ മുതൽ ചമ്രവട്ടം വരെ നേരത്തെ വയൽ നികത്തിയെടുത്ത് നിർമിച്ച റോഡിന് മുകളിലാണ് പുതിയ ആറുവരിപ്പാത നിർമ്മിച്ചിട്ടുള്ളത്.