അമൃത് ഭാരത് പദ്ധതി : തിരൂർ റെയിൽവേ സ്റ്റേഷൻ നവീകരണം പൂർത്തീകരണത്തിലേക്ക് ; തിരൂരിൽ മാത്രം 18 കോടി രൂപയുടെ നവീകരണം

തിരൂർ : അമൃത് ഭാരത് പദ്ധതി വഴി തിരൂർ റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്ന നവീകരണം അന്തിമ ഘട്ടത്തിലേക്ക്. അടുത്ത മാസം പണി പൂർത്തിയാകും. 85 ശതമാനത്തോളം പണി പൂർത്തിയാക്കിയ തിരൂരിൽ ഇനി ഒരു എസ്കലേറ്ററിന്റെ നിർമ്മാണവും പ്ലാറ്റ്ഫോം വീതി കൂട്ടിയ സ്ഥലത്തു ടൈൽ വിരിക്കേണ്ട പണിയും പെയ്ന്റിങ്ങുമാണ് ബാക്കിയുള്ളത്. തിരൂരിലെ പ്രവർത്തികൾ പൂർത്തിയായാൽ ജില്ലയിലെ അമൃത് സ്റ്റേഷനുകൾ നാടിനു സമർപ്പിക്കും.

പ്ലാറ്റ്‌ഫോമുകളുടെ ഏതാണ്ടു മധ്യഭാഗത്തുനിന്നു നടപ്പാലം വന്നതുകൊണ്ട് ഇനി ട്രെയ്‌നുകൾ കയറാൻ പാലം കുറുകെ കടക്കേണ്ട ആവശ്യമില്ല. കോണി കയറി ഇവിടെ എത്താൻ പ്രയാസമുള്ളവർക്കു വേണ്ടി ഓരോ പ്ലാറ്റ്‌ഫോമിലും ഓരോന്ന് എന്ന നിലയിൽ മൂന്നു ലിഫ്റ്റുകൾ തയ്യാറായിക്കഴിഞ്ഞു. ഒന്ന്, മൂന്ന് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് എസ്കലേറ്ററുകളുമുണ്ട്. മലബാറിലെ ഏറ്റവും വലിയ റെയിൽവേ പാർക്കിങ് ഗ്രൗണ്ടും ഇവിടെ തയ്യാറായിട്ടുണ്ട്. പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ ഇരിപ്പിടങ്ങൾ, ഷെൽറ്ററുകളുടെ നിർമ്മാണം, അറിയിപ്പ് ഡിസ്പ്ലേ ബോർഡുകൾ, കാത്തിരിപ്പു കേന്ദ്രങ്ങൾ എന്നിവയെല്ലാം ഇവിടെ തയ്യാറാണ്.

തിരൂരിൽ മാത്രം 18 കോടി രൂപയുടെ നവീകരണമാണ് റെയിൽവേ നടത്തിയിട്ടുള്ളത്. കുറ്റിപ്പുറത്ത് 9 കോടി രൂപയും നിലമ്പൂരിൽ 8 കോടി രൂപയും പരപ്പനങ്ങാടിയിൽ 6.3 കോടി രൂപയും അങ്ങാടിപ്പുറത്ത് 13.8 കോടി രൂപയുമാണ് അമൃത് സ്റ്റേഷനാക്കാൻ അനുവദിച്ചിരുന്നത്. 2023 ഓഗസ്‌റ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നവീകരണം ഉദ്‌ഘാടനം ചെയ്തത്. കഴിഞ്ഞ ഡിസംബർ 31നുള്ളിൽ പണിയെല്ലാം തീർക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും തിരൂരിലെ നവീകരണം സാങ്കേതിക കാരണങ്ങളാൽ വൈകുകയായിരുന്നു.

error: Content is protected !!