
കൊല്ലം : കളിക്കുന്നതിനിടെ ടീപ്പോയ്യുടെ ഗ്ലാസ് പൊട്ടി കാലില്‍ തുളച്ചു കയറി അഞ്ചുവയസ്സുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു. കുണ്ടറ പേരയം വലിയ കുമ്പളം വിളയിലഴികത്ത് സുനീഷ് – റൂബി ദമ്പതികളുടെ മകന്‍ എയ്ദന്‍ ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5ന് ആയിരുന്നു അപകടം.
വീട്ടില്‍ ഒറ്റയ്ക്ക് കളിച്ചു കൊണ്ട് നിന്ന എയ്ദന്‍ ടീപ്പോയ്യില്‍ കയറി നിന്നപ്പോള്‍ ഗ്ലാസ് പൊട്ടി കാലില്‍ തുളച്ചു കയറുകയായിരുന്നു. കുളിക്കുകയായിരുന്ന അമ്മ റൂബി വന്ന് നോക്കുമ്പോള്‍ എയ്ദന്‍ ചോര വാര്‍ന്ന് അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍തന്നെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ചികിത്സയില്‍ ഇരിക്കെ രാത്രിയായിരുന്നു മരണം. ഇടത് കാലിന്റെ മുട്ടിനു പിന്നിലെ ഞരമ്പ് മുറിഞ്ഞതാണ് രക്തം വളരെ വേഗം വാര്‍ന്ന് പോകാന്‍ കാരണം.
സംഭവത്തില്‍ കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം കുണ്ടറ സെന്റ് ജോസഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ്. സംസ്‌കാരം ഇന്നു വൈകിട്ട് കുമ്പളം സെന്റ് മൈക്കിള്‍സ് പള്ളിയില്‍. സഹോദരന്‍: ആരോണ്‍ എസ്. സുനീഷ്.