
പരപ്പനങ്ങാടി : വനമഹോത്സവത്തിന്റെ ഭാഗമായി പരപ്പനങ്ങാടി ബധിര വിദ്യാലയത്തിലെ കുട്ടികള്‍ 1300 ഓളം ഫലവൃക്ഷത്തൈകള്‍ ഉല്പാദിപ്പിച്ച് സ്‌കൂള്‍ മുറ്റത്തും പൊതുസ്ഥലങ്ങളിലും നട്ടുപിടിപ്പിച്ചു. വനം വന്യജീവി വകുപ്പ് മലപ്പുറം സാമൂഹ്യ വനവല്‍ക്കരണ വിഭാഗവുമായി ചേര്‍ന്നാണ് ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സ്‌കൂള്‍ നഴ്സറി യോജന പദ്ധതി പ്രകാരം ഉത്പാദിപ്പിച്ച സീതപ്പഴം, നെല്ലി, ഇലഞ്ഞി തുടങ്ങിയ വൃക്ഷത്തൈകളാണ് സമീപത്തെ സ്‌കൂളുകള്‍ക്കും സംഘടനകള്‍ക്കും, ക്ലബ്ബുകള്‍ക്കും വിതരണം ചെയ്തത്.
വൃക്ഷത്തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിലും നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതിലും വിദ്യാര്‍ത്ഥികളെ പരിശീലിപ്പിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വയനാട്ടില്‍ നിന്ന് വിത്ത് വാങ്ങി മുളപ്പിച്ചാണ് തൈകള്‍ ഒരുക്കിയത്. മലപ്പുറം സോഷ്യല്‍ ഫോറസ്ട്രിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. അഞ്ച് സെന്റ് സ്ഥലത്ത് ഫോറസ്ട്രി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാവനം നിര്‍മ്മിച്ച് പരിപാലിച്ചു വരുന്നുണ്ട് വിദ്യാര്‍ഥികള്‍.
കൊടക്കാട് എ.ഡബ്ലിയു.എച്ച് സ്പെഷ്യല്‍ സ്‌കൂളിലെ മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു. വനമഹോത്സവ പരിപാടി മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എ. മുഹമ്മദ് സൈനുല്‍ അബിദീന്‍ ഉദ്ഘാടനം ചെയ്തു. ബധിര വിദ്യാലയം ഹെഡ് മാസ്റ്റര്‍ ബഷീര്‍ മാസ്റ്റര്‍, മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വിഷ്ണുരാജ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.പി ദിവാകരനുണ്ണി, എ.ഡബ്ലിയു.എച്ച് സ്പെഷ്യല്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സത്യഭാമ, തുടങ്ങിയവര്‍ പങ്കെടുത്തു.