
മലപ്പുറം : തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് പാലക്കാട്‌കോഴിക്കോട് റൂട്ടില്‍ ടൗണ്‍ ടു ടൗണ്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് പാതിവഴിയില്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ എം.എം.സന്തോഷിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടു മൂന്നോടെ കൂട്ടിലങ്ങാടിയില്‍ വച്ചാണ് സംഭവം.
സന്തോഷ് സ്വകാര്യ ബസിലെ ഡ്രൈവറായിരിക്കെ, 2012ല്‍ നെടിയിരുപ്പ് സ്വദേശി മരിച്ച കേസില്‍, മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട്, പലവട്ടം സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനാല്‍ ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് ഉണ്ട്. അതിനെത്തുടര്‍ന്നാണ് അറസ്റ്റെന്നു പൊലീസ് അറിയിച്ചു.
കൂട്ടിലങ്ങാടിയില്‍ വണ്ടി തടഞ്ഞ പൊലീസ്, ബസ് യാത്രക്കാരുമായി തിരിച്ചു മലപ്പുറം ഡിപ്പോയിലേക്കു വിടാന്‍ ആവശ്യപ്പെട്ടു. അവിടെവച്ചു ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു. യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു. വേറെ ഡ്രൈവര്‍ ഇല്ലാത്തതിനാല്‍ ബസ് മലപ്പുറം ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.