Friday, August 15

ഇത് ചരിത്രം : അമ്മയുടെ തലപ്പത്ത് വനിതകള്‍ ; പ്രസിഡന്റായി ശ്വേതാ മേനോന്‍, ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരന്‍

കൊച്ചി : മലയാള താരസംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. അമ്മയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള വോട്ടെടുപ്പില്‍ ശ്വേത മേനോനും കുക്കു പരമേശ്വരനും ജയിച്ചു. ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി ശിവപാല്‍ വിജയിച്ചു. ജയന്‍ ചേര്‍ത്തലയും ലക്ഷ്മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍

ആകെ 504 അംഗങ്ങള്‍ ഉള്ളതില്‍ 298 പേരാണ് വോട്ട് ചെയ്തത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്. മമ്മൂട്ടി, ഫഹദ് ഫാസില്‍, നിവിന്‍ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി തുടങ്ങിയ താരങ്ങള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല.

ശ്വേത മേനോനെതിരെ ദേവനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന് എതിരെ രവീന്ദ്രനാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന്‍ ചേര്‍ത്തലയ്ക്കും ലക്ഷ്മി പ്രിയയ്ക്കും എതിരെ നാസര്‍ ലത്തീഫ് ആണ് മത്സരിച്ചിരുന്നത്. ഉണ്ണി ശിവപാലിനിതിരെ അനൂപ് ചന്ദ്രന്‍ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിച്ചു. ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

11 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 13 പേരാണ് മത്സരിച്ചിരുന്നത്ത്. ഇതില്‍ 4 സീറ്റ് വനിതാ സംവരണമാണ്. 7 ജനറല്‍ സീറ്റുകളും. കൈലാഷ്, സിജോയ് വര്‍ഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ് കീഴറ്റൂര്‍, വിനു മോഹന്‍, നന്ദു പൊതുവാള്‍, ജോയ് മാത്യു, നീന കുറുപ്പ്, സജിത ബേട്ടി, സരയൂ മോഹന്‍, ആശ അരവിന്ദ്, അഞ്ജലി നായര്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിച്ചിരുന്നത്.

error: Content is protected !!