ഒന്നര വയസ്സുകാരനെ അമ്മയുടെ സഹോദരി കിണറ്റില്‍ എറിഞ്ഞു കൊന്നു

തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരില്‍ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. വിളപ്പില്‍ശാല സൈമണ്‍ റോഡിലാണ് സംഭവം. ശ്രീകണ്ഠന്‍ എന്നയാളുടെ ഒന്നര വയസുള്ള അനന്തന്‍ ആണ് മരിച്ചത്. കുട്ടിയുടെ അമ്മയുടെ സഹോദരിയായ മഞ്ജുവാണ് കിണറ്റിലെറിഞ്ഞത്. പ്രതിയെ വിളപ്പില്‍ശാല പോലീസ് കസ്റ്റഡിയിലെടുത്തു. മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണ് മഞ്ജുവെന്ന് പൊലീസ് പറഞ്ഞു.

ശ്രീകണ്ഠന്റെ ആദ്യ ഭാര്യയായിരുന്നു മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. രണ്ടാം പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് ശ്രീകണ്ഠന്‍ മഞ്ജുവിന്റെ അവിവാഹിതയായ ചേച്ചിയെ വിവാഹം ചെയ്യുകയായിരുന്നു. ഇതിലുള്ള കുഞ്ഞിനെയാണ് മഞ്ജു കിണറ്റില്‍ എറിഞ്ഞതെന്നും പൊലീസ് പറഞ്ഞു. കാട്ടാക്കട അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് കിണറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തെടുത്തത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

error: Content is protected !!