
തിരൂരങ്ങാടി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇസ്‌റ്റോറിയ എന്ന പേരിൽ ഫ്രീഡം ഹെരിറ്റേജ് വാക്ക് സംഘടിപ്പിച്ചു. തിരൂരങ്ങാടിയുടെ പോരാട്ട, സാംസ്കാരിക പൈതൃകങ്ങളെ നേരിട്ടു കാണാനും അസ്തമിച്ചുകൊണ്ടിരിക്കുന്ന ചരിത്രശേഷിപ്പുകളെ അടുത്തറിയാനും പുതുതലമുറയെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പഠന പൈതൃക യാത്ര സജ്ജീകരിച്ചത്. വേരറ്റു കൊണ്ടിരിക്കുന്ന പോരാളികളുടെ പിൻ തലമുറയിൽ നിന്ന് പ്രസ്തുത കഥകൾ നേരിട്ടു കേട്ടറിയാനും സ്വാതന്ത്ര്യസമരത്തിലും വൈജ്ഞാനിക സാംസ്കാരിക നവോത്ഥാനത്തിലും ഈ ദേശത്തിന്റെ മഹത്തായ സംഭാവനകളെ ആഴത്തിൽ പരിചയപ്പെടാനും യാത്ര ഏറെ ഉപകരിച്ചു. മുട്ടിച്ചിറ മുതൽ പി എസ് എം ഓ കോളേജ് വരെ ഇരുപതോളം ചരിത്ര കേന്ദ്രങ്ങളിലൂടെ ആയിരുന്നു യാത്ര.
ചരിത്ര ഗവേഷകരായ ഡോ. മോയിൻ ഹുദവി മലയമ്മ, അനീസ് കമ്പളക്കാട് എന്നിവർ യാത്രക്ക് നേതൃത്വം നൽകി. വളവന്നൂർ വാഫഖി യതീം ഖാന ഹയർ സെക്കന്ററി ചരിത്ര വിഭാഗം അധ്യാപകനായ സിദ്ദീഖ് മൂന്നിയൂർ, ഒടുങ്ങാട്ടു ച്ചിന ജുമാമസ്ജിദിൽ മറവ് ചെയ്യപ്പെട്ട ചെമ്പൻ പോക്കർ മൂപ്പനെ കുറിച്ചും, ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രഥമ പ്രസിഡണ്ട് മുഹമ്മദ് ഐദീത് എന്ന അയ്യമ്പടത്തിൽ പൂക്കോയ തങ്ങളെ കുറിച്ചും വിശദീകരിച്ചു. അസീസ് മാസ്റ്റർ തിരൂരങ്ങാടി, കെടി ഇസ്മായിൽ, ഫായിസ് തിരൂരങ്ങാടി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പഠിതാക്കൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.