Tuesday, October 14

വികസന സദസിന് ജില്ലയില്‍ തുടക്കം; ആദ്യ പരിപാടി യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തില്‍, ഉദ്‌ഘാടനം ചെയ്തത് ലീഗ് പ്രസിഡന്റും

തിരൂർ : സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇതുവരെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായവും പുതിയ ആശയങ്ങളും അവതരിപ്പിക്കുന്നതിന് സംഘടിപ്പിക്കുന്ന ജില്ലയിലെ വികസന സദസിന് മംഗലം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. മംഗലം വി.വി.യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും നടന്നു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പാത്തുമ്മക്കുട്ടി അധ്യക്ഷത വഹിച്ചു. സര്‍ക്കാരിന്റെ സഹായത്താല്‍ തീരദേശ കുടിവെള്ള പദ്ധതി, റോഡ് നവീകരണം തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടത്താന്‍ സാധിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

200 ലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഗ്രാമ പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ വിവരിക്കുന്ന സില്‍വര്‍ ജൂബിലി സപ്ലിമെന്റ് ”ഗ്രാമ സ്വരാജ്” പ്രകാശനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി എസ്. അനീഷ് സര്‍ക്കാറിന്റെ വികസന നേട്ടത്തിന്റെയും സെക്രട്ടറി ബീരാന്‍കുട്ടി അരീക്കാട്ടില്‍ ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടത്തിന്റെയും അവതരണം നടത്തി. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ ആശയങ്ങളും നിര്‍ദേശങ്ങളും ശേഖരിക്കാന്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു. ജനങ്ങളുടെ നിര്‍ദേശങ്ങള്‍ ഹരിത മിത്രം ആപ്പ് വഴി സര്‍ക്കാരിലേക്കെത്തിക്കും.

പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ടി.പി. ഇബ്രാഹിം കുട്ടി, സി.എം. റംല ടീച്ചര്‍, കെ.ടി. റാഫി മാസ്റ്റര്‍, പദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ സി.എം. ടി. സീതി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, ഹരിത കര്‍മസേനാംഗങ്ങള്‍, അങ്കണവാടി ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ, സി.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

അതേസമയം, സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വികസന സദസ്സ് യു ഡി എഫ് ബഹിഷ്കരിച്ചതാണ്. എന്നാൽ യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തിൽ തന്നെ ജില്ലയിൽ ആദ്യ പരിപാടി നടത്തി. ലീഗുകരനായ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുകയും കോണ്ഗ്രസ് കാരിയായ വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിക്കുകയും ചെയ്തത് പാർട്ടി പ്രവർത്തകർക്കിടയിൽ പ്രതി ഷേധ ത്തിന് കാരണമായിട്ടുണ്ട്.

error: Content is protected !!