
ബ്രഹ്മഗിരിയുടെ കൂട്ടുകാരി: നാല് വയസ്സ് മുതൽ തുടർച്ചയായ നാല് വർഷങ്ങളിൽ ബ്രഹ്മഗിരി മലനിരകളെ കീഴടക്കി ഫിൽസ മെഹക്.
തിരൂരങ്ങാടി: കേരളത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ട്രക്കിംഗ് സ്പോട്ടുകളിൽ ഒന്നായ ബ്രഹ്മഗിരി പീക്ക് നാല് വർഷത്തിനിടെ നാല് തവണ പര സഹായമില്ലാതെ കയറി വിസ്മയം തീർത്തിരിക്കുകയാണ് തിരൂരങ്ങാടി കക്കാട് GMUP സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ഫിൽസ മെഹക്.
സമുദ്രനിരപ്പിൽ നിന്ന് അയ്യായിരത്തി ഇരുനൂറ്റി എഴുപത്തിആറ് അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബ്രഹ്മഗിരി പീക്ക് കേരളത്തിലെ നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെയും കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെയും അതിരിലായാണ് സ്ഥിതി ചെയ്യുന്നത്. തിരുനെല്ലിയിലെ ഫോറസ്റ്റ് ഡോർമെറ്ററിയിൽ നിന്ന് 6 കിലോമീറ്റർ ദൂരം വനത്തിലൂടെ മല കയറിയാലാണ് ബ്രഹ്മഗിരിയുടെ മുകളിൽ എത്താൻ കഴിയുക. ഇതിൽ അവസാന മൂന്ന് കിലോമീറ്റർ കുത്തനെയുള്ള പുൽമേടാണ്. തോൽപ്പെട്ടി, ആറളം, ബ്രഹ്മഗിരി എന്നീ വന്യജീവി സങ്കേതങ്ങളും നാഗർഹോളെ കടുവ സങ്കേതവും അതിരിട്ടു കിടക്കുന്ന വനമേഖലയായത് കൊണ്ട് തന്നെ വന്യജീവികളുടെ വിഹാര കേന്ദ്രമാണിവിടം.
2022 ൽ LKG യിൽ പഠിക്കുമ്പോഴാണ് ഫിൽസ മെഹക് ആദ്യമായി ബ്രഹ്മഗിരി പീക്കിലേക്ക് ട്രക്കിംഗ് നടത്തുന്നത്. പിതാവും PSMO കോളേജിലെ അധ്യാപകനും വന്യജീവി ഫോട്ടോഗ്രാഫറുമായ പി. കബീറലിയുടെ കൂടെയായിരുന്നു ട്രക്കിംഗ്. PSMO കോളേജിലെ പരിസ്ഥിതി ക്ലബ് ആയ ഭൂമിത്ര സേന ക്ലബിൻ്റെ കീഴിൽ നടന്ന പരിസ്ഥിതി പഠന ക്യാമ്പിൻ്റെ ഭാഗമായിരുന്നു ട്രക്കിംഗ്.
തുടർന്നുള്ള എല്ലാ വർഷവും തിരുനെല്ലിയിൽ വെച്ച് ഭൂമിത്രസേന ക്ലബ് നടത്തിയ പരിസ്ഥിതി പഠന ക്യാമ്പുകളിൽ പിതാവ് കബീറലിയോടൊപ്പം ഫിൽസ മെഹക് പങ്കെടുക്കുകയും ബ്രഹ്മഗിരിയിലേക്ക് ട്രക്കിംഗ് നടത്തുകയും ചെയ്തു.
ഈ വർഷം നവംബർ 29 ന് 43 കോളേജ് വിദ്യാർത്ഥികളുമായി PSMO കോളേജിലെ ഭൂമിത്ര സേന ക്ലബ് നടത്തിയ ട്രക്കിങ്ങിൽ ഏറ്റവും ആദ്യം ബ്രഹ്മഗിരിക്ക് മുകളിലെത്തിയത് ഫിൽസ മെഹക് ആയിരുന്നു.
വളരെ ചെറിയ പ്രായത്തിൽ തന്നെ പിതാവിനോടൊപ്പം കാനന യാത്രകൾ ചെയ്യാറുള്ള ഫിൽസ മെഹക് ബ്രഹ്മഗിരി കൂടാതെ പറമ്പിക്കുളം, മുതുമലൈ, ബന്ദിപ്പൂർ കടുവ സങ്കേതങ്ങൾ, പേപ്പാറ, കരിമ്പുഴ വന്യജീവി സങ്കേതങ്ങൾ, സൈലൻ്റ് വാലി നാഷണൽ പാർക്ക് എന്നിവിടങ്ങളിലും പരിസ്ഥിതി പഠന ക്യാമ്പുകളിലും ട്രക്കിംഗ് ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്.