
തിരൂരങ്ങാടി : പട്ടാപ്പകൽ വീട്ടിൽ കയറി യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറി ആക്രമിച്ചു മോഷണം. തെന്നല സിഎം മർകസിന് സമീപത്തെ പൂണ്ടോളി അബ്ദുൽ മാലിക്കിന്റെ ഭാര്യ സുഹൈല (22) യെയാണ് ആക്രമിച്ചത്. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12.30 ന് ആണ് സംഭവം സുഹൈലയും സഹോദരിയും ഉമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. സുഹൈല ഡൈനിങ് ഹാളിലായിരുന്നു. പെട്ടെന്ന് അകത്തു കയറിയയാൾ കണ്ണിലേക്ക് മുളക് പൊടി വിതറി ചവിട്ടി നിലത്തിട്ട ശേഷം കൈപിടിച്ച് തിരിച്ച ശേഷം കയ്യിൽ ധരിച്ചിരുന്ന ഒരു പവൻ്റെ സ്വർണ ബ്രേസ് ലെറ്റ് എടുക്കുകയായിരുന്നു. ഇതിനിടെ സുഹൈലയുടെ ബഹളം കേട്ട് വീട്ടിലുണ്ടായിരുന്നവർ ഓടിയെത്തിയപ്പോഴേക്കും മോഷ്‌ടാവ് രക്ഷപ്പെട്ടു. പിന്നീട് തിരച്ചലിൽ വീടിൻ്റെ മുകൾ നിലയിൽ സ്വർണാഭരണവും മുളക് പൊടിയും വീണു കിടക്കുന്ന നിലയിൽ കണ്ടെത്തി. വീടിന്റെ മുകൾ നില വഴിയാണ് മോഷ്‌ടാവ് അകത്തു കയറിയത് എന്നാണ് സംശയം. താഴ്ന്ന ഭാഗത്തുള്ള വീടിൻ്റെ മുകൾ നിലയാണ് റോഡിന് സമാന്തരം. പൊലീസ് കേസെടുത്തു.