
വളാഞ്ചേരി : ദേശീയപാതയിൽ മലപ്പുറം ജില്ലയിലെ ഏക ടോൾ പ്ലാസയായ വെട്ടിച്ചിറയിലെ ടോൾ ബൂത്തിൽ ടോൾ പിരിവ് ഈ മാസം 30 മുതൽ തുടങ്ങിയേക്കും. പുതിയ ദേശീയപാത 66-ൽ മലപ്പുറം ജില്ലയിലെ ഏക ടോൾപ്ലാസയായ വെട്ടിച്ചിറയിലെ ടോൾ നിരക്കുകൾ സംബന്ധിച്ച വിജ്ഞാപനം ദേശീയപാത അതോറിറ്റി പുറത്തിറക്കി.
ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 145 രൂപയാണ് മിനിമം നിരക്ക്. 24 മണിക്കൂറിൽ മടക്കയാത്ര നടത്തുകയാണെങ്കിൽ 220 രൂപ നൽകിയാൽ മതി.
ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ പരിധിക്കുള്ളിലുള്ള സ്വകാര്യവാഹനങ്ങൾക്ക് ബാധകമായ പ്രതിമാസ പാസിന്റെ നിരക്ക് 340 രൂപ ആണ്. ഇത്തരം യാത്രക്കാർ ആധാർ കാർഡുമായി ടോൾ പ്ലാസയിലെത്തിയാൽ പാസ് നൽകും. 24 മണിക്കൂറിനുള്ളിൽ രണ്ടുതവണ ദേശീയപാതയിലൂടെ യാത്രചെയ്യുന്നവർക്ക് രണ്ടാംതവണ ടോൾതുകയുടെ പകുതി നൽകിയാൽ മതി.
പുത്തനത്താണിക്കും വളാഞ്ചേരിക്കുമിടയിലാണ് വെട്ടിച്ചിറയിലെ ടോൾ പ്ലാസ സ്ഥിതിചെയ്യുന്നത്. രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസിലെ ഒളവണ്ണ ടോൾ പ്ലാസയിൽ ഈ മാസം 15 മുതൽ ടോൾ ഈടാക്കി തുടങ്ങിയിരുന്നു.
വെട്ടിച്ചിറയിലെ ടോൾ നിരക്ക്
വാഹനം, തുക ഒരുഭാഗത്തേക്ക്, ഇരുഭാഗത്തേക്കും, പ്രതിമാസ പാസിന്റെ നിരക്ക്, മലപ്പുറം ജില്ലയിൽ റജിസ്റ്റർ ചെയ്ത വാണിജ്യ വാഹനങ്ങൾക്കുള്ള നിരക്ക് എന്ന ക്രമത്തിൽ) പ്രതിമാസ ടോൾ നിരക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നിരക്കിൽ 50 യാത്രകളാകാം
കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ- 145, 220, 4875, 75
ലൈറ്റ് കൊമേഴ്‌സ്യൽ, ലൈറ്റ് ഗുഡ് വാഹനങ്ങൾ, മിനി ബസ്- 235, 355, 7875, 120
ബസുകൾ, ട്രക്കുകൾ (രണ്ട് ആക്സിലുള്ള വാഹനങ്ങൾ) – 495, 745, 16,505, 250
മൂന്ന് ആക്സിലുള്ള വാണിജ്യ വാഹനങ്ങൾ- 540, 810, 18,005, 270
ഹെവി കൺസ്ട്രക്ഷൻ മെഷിനറി (എച്ച്സിഎം), എർത്ത് മൂവിങ് എക്യുപ്മെന്റ് (ഇഎംഇ), നാലുമുതൽ ആറുവരെ ആക്സിലുള്ള വാഹനങ്ങൾ -775, 1165, 25,880, 390
ഏഴും അതിനുമുകളിലും ആക്സിലുള്ളവ -945, 1420, 31,510, 475