
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ.
വാർത്താസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആണ് തീയതികള്‍ പ്രഖ്യാപിച്ചത്. ഇതോടെ കേരളമടക്കമുള്ള ഈ സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുകയാണ്. കേരളത്തില്‍ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്.
തീയതികള്‍ ഇങ്ങനെ
കേരളം: ഏപ്രില്‍ 9, വ്യാഴം, മെയ് 4ന് വോട്ടെണ്ണല്‍.
തമിഴ്നാട്: പോളിംഗ് തീയതി- ഏപ്രില്‍ 23; വോട്ടെണ്ണല്‍ തീയതി- മെയ് 4
പശ്ചിമ ബംഗാള്‍: പോളിംഗ് തീയതി- ഏപ്രില്‍ 23 (ഒന്നാം ഘട്ടം), ഏപ്രില്‍ 29 (രണ്ടാം ഘട്ടം); വോട്ടെണ്ണല്‍ തീയതി- മെയ് 4
അസം: ഏപ്രില്‍ 9, വ്യാഴം വോട്ടെടുപ്പ്, മെയ് 4ന് വോട്ടെണ്ണല്‍
പുതുച്ചേരി: ഏപ്രില്‍ 9, വ്യാഴം വോട്ടെടുപ്പ്, മെയ് 4ന് വോട്ടെണ്ണല്‍
രാജ്യത്ത് ഇലക്ടറല്‍ റോളില്‍ അയോഗ്യരായ വോട്ടർമാർ ആരും തന്നെയില്ലെന്ന് ഉറപ്പാക്കാൻ എസ്‌ഐആറിലൂടെ സാധിച്ചെന്ന് ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ഈ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. തെരഞ്ഞെടുപ്പുകള്‍ കൂടുതല്‍ സുതാര്യമാക്കാൻ വേണ്ട നടപടികള്‍ തെരഞ്ഞെടുപ്പു കമ്മീഷൻ എടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായിരുന്നു എസ്‌ഐആർ എന്ന് അദ്ദേഹം പ്രസ്താവിച്ചു.
യുവാക്കള്‍ അവരുടെ ജീവിത്തതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്വം നിർവഹിക്കാൻ പോകുകയാണെന്നും, എല്ലാവരും അവരുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. മെയ് മാസത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലെയും നിലവിലെ സർക്കാരുകളുടെ കാലാവധി അവസാനിക്കുന്നത്. മൊത്തം 2.1 ലക്ഷം പോളിങ് സ്റ്റേഷനുകള്‍ ഈ അഞ്ച് സംസ്ഥാനങ്ങളില്‍ ഉണ്ടാകും. സ്ത്രീകള്‍ മാത്രം കൈകാര്യം ചെയ്യുന്ന മാതൃകാ പോളിങ് സ്റ്റേഷനുകളും ഉണ്ടാകും. കേരളത്തില്‍ 4.24 ലക്ഷം വോട്ടർമാരാണുള്ളത്. സംസ്ഥാനത്ത് ആകെ 30471 പോളിങ് സ്റ്റേഷനുകളുണ്ടാകും.
ലോകത്തിലെ ഏറ്റവും വലിയ പോളിങ് പ്രക്രിയയാണ് ഇന്ത്യയുടേതെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു. കേരളത്തിലെ എടമലക്കുടി പോളിങ് സ്റ്റേഷനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കാട്ടില്‍ കിലോമീറ്ററുകളോളം നടന്നു പോയാണ് ഇവിടെ വോട്ടെടുപ്പ് നടത്തുന്നത്.
25 ലക്ഷം ഇലക്ഷൻ ഉദ്യോഗസ്ഥരെയാണ് ഈ അഞ്ച് സംസ്ഥാനങ്ങളിലായി നിയോഗിച്ചിരിക്കുന്നതെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു. ഇവിഎം ബോധവല്‍ക്കരണ പരിപാടികള്‍ നിരവധിയിടങ്ങളില്‍ നടത്തിയിട്ടുണ്ട്. ഇവയിലെല്ലാം ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി. വെള്ളം, ടോയ്‌ലറ്റുകള്‍, റാമ്പുകള്‍, വീല്‍ചെയറുകള്‍, വളണ്ടിയർമാർ തുടങ്ങിയ സൗകര്യങ്ങള്‍ ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പോളിങ് സ്റ്റേഷനുകള്‍ എല്ലായിടത്തും ഗ്രൗണ്ട് ഫ്ലോറിലായിരിക്കും.