
പേരാമ്പ്ര ലഹരി കേസിൽ പിടിയിലായ
മൂന്ന് അധ്യാപികമാരും ലഹരി ഉപയോഗിക്കുന്നവര്‍; ശമ്പളം വെറും 12,000 രൂപ, നയിച്ചത് ആഡംബര ജീവിതം
വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായ അധ്യാപികമാരുടെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് പോലീസ്. മൂന്ന് അധ്യാപികമാരും സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കുന്നവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
അതിനെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. സാമ്പത്തിക സ്രോതസുകളെക്കുറിച്ചും അന്വേഷണം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പേരാമ്പ്ര ബിആർസിയിലെ അധ്യാപകരായിരുന്ന കാവ്യ, കീർത്തന, നീഷ്മ എന്നിവരാണ് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
പേരാമ്പ്ര സ്വദേശിനിയായ വി.പി. നീഷ്മ (30) ,
പേരാമ്പ്ര ബി.ആര്.സി.യിലെ സ്പെഷ്യല്‍ എജുക്കേറ്ററും കൂരാച്ചുണ്ട് ചെറുക്കാട് കാപ്പുമുക്ക് സ്വദേശിയുമായ കൊല്ലനാരി കെ. കാവ്യ (29). പേരാമ്പ്ര ബി.ആര്.സി.യിലെ സ്പെഷ്യലിസ്റ്റ് അധ്യാപികയും മുന്‍ കായികതാരവുമായ മരുതോങ്കര സ്വദേശിനി കെ.സി. കീര്‍ത്തനയെ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
ഇവർ വർഷങ്ങളായി സുഹൃത്തുക്കളാണെന്നും ഒന്നിച്ചാണ് എംഡിഎംഎ ഉപയോഗിക്കുകയും ലഹരിമാഫിയക്കുവേണ്ടി പണമിടപാട് നടത്തുകയും ചെയ്തതെന്നും വ്യക്തമായിട്ടുണ്ട്. ലഹരി വേണ്ടവർ ഇവർക്ക് പണം അയച്ചുകൊടുക്കുകയും ഇവർ സാധനം ലഭിക്കുന്ന ലൊക്കേഷൻ തിരികെ അയക്കുകയും ചെയ്യുന്ന രീതിയാണ് പിന്തുടർന്നിരുന്നത്.
ആവശ്യക്കാർ അയക്കുന്ന പണം 10,000, 20,000 രൂപയാകുമ്പോള്‍ നീഷ്മ എംഡിഎംഎ വില്‍പ്പനക്കാർക്ക് അയച്ചുനല്കുന്നതാണു രീതി. പ്രതികള്‍ വലിയ നെറ്റ് വര്‍ക്കിൻ്റെ ഭാഗമാണെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായതിന് പിന്നാലെ തന്നെ നീഷ്മയെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വലിയ അളവില്‍ പണം എത്തിയാല്‍ സംശയം തോന്നാതിരിക്കാന്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു മൂവരും ചെയ്തിരുന്നത്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് അക്കൗണ്ടുകളിലേക്ക് എത്തിയത്.
കേസില്‍ ആദ്യം അറസ്റ്റിലായ കീർത്തനയും കാവ്യയും നയിച്ചിരുന്നത് ആഡംബര ജീവിതമാണെന്നാണ് പോലീസ് പറയുന്നത്. ബിആർസിയില്‍ 12,000 രൂപയാണ് ഇവർക്ക് ശമ്പളമായി ലഭിക്കുന്നത്. എന്നാല്‍ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ലക്ഷങ്ങളുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് വ്യക്തമായി. ലഹരി വില്‍പ്പനയുടെ സാമ്പത്തിക ഇടപാടുകള്‍ പൂർണമായും നിയന്ത്രിച്ചിരുന്നത് കീർത്തനയും കാവ്യയുമാണ്. അതിന് നിർദേശം നല്‍കിയത് ആരാണ് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണ് പോലീസ്.
കേസില്‍ മറ്റൊരാളെ കൂടി ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ് ആണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ ഡെലിവറി ബോയ് ആണ് ജിജില്‍. ജിജിലിൻ്റെ അക്കൗണ്ടിലൂടെ ഒരു കോടിയോളം രൂപയുടെ ഇടപാട് നടന്നുവെന്നാണ് കണ്ടെത്തല്‍. ലഹരി വാങ്ങാന്‍ എത്തുന്നവര്‍ക്ക് ജിജിലിന്റെ ഗൂഗിള്‍ പേ സ്കാനര്‍ ആണ് നല്‍കിയത്.
കൂടുതല്‍ അധ്യാപികമാർ ലഹരി ശൃംഖലയില്‍ ഇല്ലെന്നാണ് നിലവില്‍ പോലീസ് പറയുന്നത്. ഇടപാടിലെ പ്രധാനകണ്ണിയുമായി ബന്ധമുള്ളയാളാണ് അറസ്റ്റിലായ ജിജില്‍. അറസ്റ്റിലായ മൂന്ന് അധ്യാപികമാരുമായും ആദ്യം വടകരയില്‍ എംഡിഎംഎയുമായി പിടിയിലായ സഫ്വാനുമായും ഇയാള്‍ പണമിടപാടുകള്‍ നടത്തിയതിൻ്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
പ്രധാനപ്രതിക്കും അധ്യാപികമാർക്കും ഇടയിലുള്ള കണ്ണിയായി പ്രവർത്തിച്ചത് ജിജില്‍ കുര്യക്കോസാണെന്ന നിഗമനത്തിലാണ് പോലീസ്. അധ്യാപികമാർ ഉള്‍പ്പെടെ ഇയാളുടെ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തതായും വ്യക്തമായിട്ടുണ്ട്.