
ആലപ്പുഴ : തള്ളിനീക്കുന്ന ഗേറ്റ്, അമ്മൂമ്മ അടയ്ക്കുന്നതിനിടെ ദേഹത്തു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരൻ മരിച്ചു.
അഖില്‍ മണിയൻ- അശ്വതി ദമ്ബതിമാരുടെ മകൻ ഋദവാണ് മരിച്ചത്. അശ്വതിയുടെ വീടായ പഴവീട് തെക്കേ അത്തിത്തറ വീട്ടില്‍ 22-നു രാവിലെ 11-നായിരുന്നു അപകടം.
അഖില്‍ മണിയന്റെ വീട് വൈക്കം ടിവി പുരത്താണ്. അശ്വതിക്കു പനിക്കുന്നതിനാല്‍ അച്ഛനുമമ്മയും 22-നു രാവിലെ വൈക്കത്തു പോയിരുന്നു. അശ്വതിയെയും കുഞ്ഞിനെയും കൂട്ടി അവർ രാവിലെ പതിനൊന്നോടെ കാറില്‍ ആലപ്പുഴയിലെ വീട്ടിലെത്തി. ഇവിടെയെത്തി മിനിറ്റുകള്‍ക്കകമായിരുന്നു അപകടം.
കാറില്‍ നിന്നിറങ്ങിയ അശ്വതിയും അച്ഛൻ പ്രസാദും വീട്ടിലേക്കു കയറി. ഋദവ് റോഡിലിറങ്ങാതിരിക്കാൻ അശ്വതിയുടെ അമ്മ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചു. പിന്നില്‍ ഋദവ് നില്‍ക്കുന്നത് അവർ കണ്ടില്ല. അടയ്ക്കുന്നതിനിടെ ഗേറ്റ്, അതുറപ്പിച്ച റെയിലില്‍നിന്ന് തെന്നിമറിഞ്ഞ് അവരുടെയും ഋദവിന്റെയും ദേഹത്തേക്കു വീഴുകയായിരുന്നു.
അശ്വതിയും അച്ഛനും ചേർന്ന് ഗേറ്റിനടിയില്‍നിന്ന് ഇരുവരെയും പുറത്തെടുക്കാൻ ശ്രമിച്ചു. സഹായത്തിന് സമീപത്തെ ക്ഷേത്രത്തിലെ ജീവനക്കാരും ഓടിയെത്തി. കുഞ്ഞിന്റെ തലയ്ക്കു പരിക്കേറ്റിരുന്നു. അമ്മൂമ്മയ്ക്കു കാര്യമായ പരിക്കില്ല. കുഞ്ഞിനെ ഉടൻ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചു.
തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ശസ്ത്രക്രിയ നടത്തി. ഐസിയുവിലായിരുന്ന കുഞ്ഞ് ബുധനാഴ്ച രാത്രി എട്ടരയോടെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.