മലപ്പുറം : കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ കുട്ടിക്ക് നിപയെന്ന് സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ സ്ഥിരീകരണം. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയില്‍ നിപ സ്ഥിരീകരിച്ചുവെന്നും പൂനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലം വന്നാല്‍ മാത്രമേ അന്തിമ സ്ഥിരീകരണമാകൂവെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ട്രൂനാറ്റ് പരിശോധനയിലും നിപ്പ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിദഗ്ധ പരിശോധനയ്ക്കായി പുണെയിലേക്ക് സാംപിള്‍ അയച്ചത്.
നിലവില്‍ പ്രോട്ടോകോള്‍ പ്രകാരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഫലം വരുന്നതിനു മുന്‍പ് തന്നെ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റ് ഇന്നുമുതല്‍ നിര്‍ബന്ധമാക്കി. ഗുരുതരാവസ്ഥയിലുള്ള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടി പ്രത്യേക നിരീക്ഷണത്തിലാണ്. ഇന്നലെയാണ് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.