മലപ്പുറം: നിപ ബാധ സംശയിച്ച 14 കാരന് ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അയച്ച പരിശോധനയിലാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. കൊച്ചിയിലെ മെട്രോപോളിസ് ലാബിലാണ് പരിശോധന നടത്തിയത്. നിപ ബാധ സ്ഥിരീകരികരിക്കാനുള്ള പരിശോധന ഫലം വന്നിട്ടില്ലെന്നും മലപ്പുറം ഡിഎംഒ ആര്‍ രേണുക അറിയിച്ചു. എലികള്‍ പോലുള്ള സസ്തനികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ചെള്ളിലാണ് പനിക്കു കാരണമാകുന്ന ബാക്ടീരിയ വളരുന്നത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാല്‍ ചെള്ളുപനി പിടിപെടും എന്ന് വിദഗ്ധര്‍ പറയുന്നു.
കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാണ്ടിക്കാട് സ്വദേശിയായ 14കാരനാണ് നിപ വൈറസ് ബാധ സംശയിക്കുന്നത്. കുട്ടിയുടെ സ്‌ക്രീനിങ് പരിശോധനാഫലം പോസിറ്റീവാണ്. സ്വകാര്യ ലാബിലാണ് പരിശോധന നടത്തിയത്. സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. മാതാപിതാക്കളും അമ്മാവനും ഐസൊലേഷനിലാണ്. രോഗം സംശയിക്കുന്ന കുട്ടിയുടെ റൂട്ട് മാപ് തയാറാക്കുന്നുണ്ട്.
പനി, തലവേദന, ശ്വാസം മുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനടപടികള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. നിപ സ്ഥിരീകരിച്ചിട്ടില്ലെന്നും വൈകിട്ടോടെ പരിശോധന ഫലം പുറത്തുവരുമെന്നും ജില്ല കലക്ടര്‍ വി.ആര്‍. വിനോദ് മാധ്യമങ്ങളോട് പ്രതികരിച്ചു. വൈകുന്നേരത്തോടെ ആരോഗ്യമന്ത്രി മലപ്പുറത്ത് എത്തി പ്രതിരോധപ്രവര്‍ത്തന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കും. ഡി.എം.ഒയുടെ നേതൃത്വത്തില്‍ പാണ്ടിക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ യോഗം ചേര്‍ന്നു.