മണ്ണാർമലയിൽ പുലിയെ കണ്ട ഭാഗത്ത് കൂട് സ്ഥാപിച്ചു

മണ്ണാർമല : മണ്ണാർമല മാട് -മാനത്തുമംഗലം റോഡിൽ പുലിയെ കണ്ട ഭാഗത്ത് കൂട് സ്ഥാപിച്ചു. നജീബ് കാന്തപുരം എംഎൽഎ യുടെ ഇടപെടലിനെ തുടർന്നാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം വീണ്ടും പുലിയുടെ സാന്നിധ്യം വ്യക്തമായ സാഹചര്യത്തിൽ പ്രദേശത്ത് വനം വകുപ്പ് ശക്തമായ നിരീക്ഷണവും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരുന്നു. പ്രദേശത്ത് എത്തിയ എംഎൽഎ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു.

പഞ്ചായത്ത് അംഗം ഹൈദർ തൊരപ്പ, ഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.എൻ സജീവൻ, ഉദ്യോഗസ്ഥരായ സനൽകുമാർ, വിഷ്ണു, നൗഷാദ്, മണ്ണാർമല പൗരസമിതി അംഗങ്ങളായ കെ.ബഷീർ, പി.ലത്തീഫ്, വി.അൽത്താഫ്, മുജീബ്, മക്രീസ് എന്നിവരുടെ നേതൃത്വത്തിലാണ് കൂടി സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയാണ് പുലി റോഡിലേക്ക് ചാടുന്നത് നാട്ടുകാർ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞത്. ഏതാനും ദിവസങ്ങൾക്ക് മുന്നെ ഇതേ റോഡിൽ സ്കൂട്ടറിന് കുറുകെ പുലി ചാടിയിരുന്നു.

error: Content is protected !!