Thursday, February 12

കുട്ടിയുടെ മാല കവർന്നു, പിടിക്കപ്പെടുമെന്നായപ്പോൾ മാല വിഴുങ്ങി; തൊണ്ടി മുതൽ പുറത്ത് വരുന്നതും കാത്ത് പൊലീസ്

.
നിലമ്പൂർ: സ്വകാര്യ ക്ലിനിക്കില്‍ എത്തിയ കുട്ടിയുടെ കഴുത്തില്‍ നിന്ന് മോഷ്ടിച്ച മാല വിഴുങ്ങി യുവതി. തൊണ്ടിമുതല്‍ പുറത്തുവരാനായി കാത്തിരിക്കുകയാണ് പോലീസ്. നിലമ്പൂർ മുക്കട്ടയിൽ താമസിക്കുന്ന പാലേമാട് കല്ലൻ കുന്നൻ സമീന (35) ആണ് കുഞ്ഞിൻ്റെ കഴുത്തിൽ കിടന്ന മാല മോഷ്ടിച്ചു വിഴുങ്ങിയത്.
നിലമ്പൂർ ജില്ലാ ആശുപത്രി റോഡില്‍ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കില്‍ 9ന് രാത്രി 10ന് ആയിരുന്നു സംഭവം. ഡോക്ടറെ കാണാൻ കാത്തിരിക്കുകയായിരുന്നു പുളിക്കലോടി സ്വദേശിയുടെ കുഞ്ഞിന്റെ കഴുത്തില്‍ കിടന്ന മാലയാണ് യുവതി കവർന്നത്. 3.5 ഗ്രാം വരുന്ന സ്വർണമലയായിരുന്നു ഇത്.

വരാന്തയില്‍ ഓടിക്കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മുക്കട്ട സ്വദേശിനിയായ യുവതി കൊഞ്ചിക്കുന്നതും ലാളിക്കുന്നതും ക്ലിനിക്കിലുണ്ടായിരുന്ന ആളുകള്‍ കണ്ടിരുന്നു. അതുകൊണ്ട് തന്നെ കുടുങ്ങുമെന്ന് ഉറപ്പായ ഘട്ടത്തില്‍ യുവതി മാല വിഴുങ്ങുകയായിരുന്നു. ഇതോടെ നാട്ടുകാർ ചേർന്ന് യുവതിയെതടഞ്ഞുവെയ്ക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ ചോദ്യം ചെയ്തു. മോഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞ യുവതിയെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി എക്സ്റേ പരിശോധന നടത്തി. എക്സറേയില്‍ യുവതിയുടെ വയറ്റില്‍ സ്വർണമാല ഉണ്ടെന്ന് കണ്ടെത്തി.

പിന്നാലെ ഡോക്ടറുടെ നിർദേശാനുസരണം യുവതിക്ക് എനിമ നല്‍കി. പക്ഷെ മാല പുറത്തുവന്നില്ല. യുവതി ആശുപത്രിയില്‍ പോലീസിന്റെ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇടയ്ക്കിടെ ഇവർ അക്രമാസക്തയാകുന്നുണ്ട്. വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് മോഷ്ടാവായ യുവതിക്ക് കാവല്‍ നില്‍ക്കുന്നത്. മാല പുറത്തുവരുന്നത് കാത്ത് നില്‍ക്കാൻ തുടങ്ങിയിട്ട് 24 മണിക്കൂർ പിന്നിട്ടിലിരിക്കുകയാണ്.കുട്ടിയുടെ വീട്ടുകാരും ഇതേ ആശുപത്രിയിലുണ്ട്.

ഇന്ന്യുവതിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ പോലീസ് ആലോചിക്കുന്നുണ്ട്.

error: Content is protected !!