
മദീന: മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ കുടുംബത്തിലെ നാലുപേർ മരിച്ചു. 3 പേർക്ക് പരിക്കേറ്റു. മലപ്പുറം വെള്ളില യു കെ പടി സ്വദേശിയും ഇപ്പൊൾ തിരൂർക്കാട് തോണിക്കരയിൽ താമസിക്കുന്നയാളുമായ നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത് കളത്തിൽ ആദിൽ (14), ജലീലിൻ്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. അബ്ദുൽ ജലീലിന്റെ മറ്റു മക്കളായ അയിഷ (15) മദീന കിങ് ഫഹദ് ആശുപത്രിയിലും, ഹാദിയ (9), നൂറ (7) എന്നിവർ സൗദി ജർമൻ ആശുപത്രിയിലും ചികിത്സയിലാണ്.
ജിദ്ദയിൽ നിന്ന് അബ്ദുൽ ജലീലും കുടുംബവും മദീന സന്ദർശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം. .കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനത്തിൽ ഏഴ് പേർ ഉണ്ടായിരുന്നു. ഇവർ സഞ്ചരിച്ച വാഹനം തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ജിദ്ദ-മദീന റോഡിൽ മദീനയിൽ നിന്ന് 100 കിലോമീറ്റർ അകലെ വാദി ഫറഹ എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്തിരുന്ന അബ്ദുൽ ജലീലിന്റെ കുടുംബം സന്ദർശന വിസയിൽ ജിദ്ദയിലെത്തിയതാണ്. ഉമ്മ മൈമൂനത്ത് ഉംറ വിസയിലും. ജലീലിൻ്റെ 4 മക്കളാണ് സൗദിയിൽ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നത്. മറ്റുമക്കളായ അദ്നാൻ , ഹന , അൽ അമീൻ എന്നിവർ നാട്ടിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയാണ്. കബറടക്കം സൗദിയിൽ ആയിരിക്കുമെന്നാണ് വിവരം. നാട്ടിലുള്ള മക്കളെയും കൊണ്ട് ബന്ധുക്കൾ സൗദിയിലേക്ക് പുറപ്പെട്ടു. 30 വർഷത്തോളമായി ജലീൽ പ്രവാസിയാണ്. കുടുംബത്തോടൊപ്പം ഏറെക്കാലം മദീനയിൽ ആയിരുന്നു. നാട്ടിൽ മടങ്ങി എത്തിയിരുന്ന കുടുംബം ഏതാനും വർഷം മുമ്പാണ് വീണ്ടും ജിദ്ദയിലേക്ക് പോയത്.
ജലീലും കുടുംബവും ഏതാനും വർഷം മുമ്പാണ് തിരൂർക്കാട് തോണിക്കരയിലേക്ക് വീട് വെച്ച് താമസം മാറിയത്. ജലീലിൻ്റെ ഭാര്യ തസ്ന മേലെ അരിപ്ര സ്വദേശിയാണ്.
മദീന കെ.എം.സി.സി നേതാക്കളായ ഷഫീഖ്, ജലീൽ, ഹഫ്‌സി, റഫീഖ്, മുബാറക്ക് എന്നിവർ തുടർ നടപടികൾ ചെയ്തുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.