
റിയാദ് : റിയാദ് ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലപ്പുറം സ്വദേശികളടക്കം ആറു പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ ഒന്നരക്കാണ് അഗ്‌നിബാധ ഉണ്ടായതെന്നാണ് അറിയുന്നത്.
മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസഫിന്റെ മകന്‍ അബ്ദുള്‍ ഹക്കീം (31), മേല്‍മുറി സ്വദേശി നൂറേങ്ങല്‍ കാവുങ്ങല്‍ തൊടിയില്‍ ഇര്‍ഫാന്‍ ഹബീബ് (33) എന്നിവരാണ് മരിച്ചത്. സൗദി റിയാദിലെ ഖാലിയദിയയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനാണ്. മരിച്ച മറ്റ് രണ്ട് പേര്‍ തമിഴ്നാട് സ്വദേശികളും രണ്ട് പേര്‍ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്.
പെട്രോള്‍ സ്റ്റേഷനില്‍ പുതുതായി ജോലിക്കെത്തിയവര്‍ക്കാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച ഇവരില്‍ മൂന്ന് പേര്‍ക്ക് താമസാനുമതിയും (ഇഖാമ) ലഭിച്ചു. ഇന്ന് പുലര്‍ച്ചെ 1.30നാണ് ഇവരുടെ വസതിയില്‍ തീപിടിത്തമുണ്ടായത്. എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരും മരിച്ചവരുമായി ബന്ധപ്പെട്ട നടപടികള്‍ക്കുവേണ്ടി രംഗത്തുണ്ട്.