ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ വി.ആർ വിനോദിൻ്റെ അധ്യക്ഷതയിൽ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാൻ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് അഭ്യർഥിച്ചു.
വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വോട്ടർമാർക്ക് നേരിട്ട് പരിശോധിക്കാമെന്നും അതുറപ്പ് വരുത്തി മാത്രമേ പുതിയ അപേക്ഷ നൽകാവൂ എന്നും കലക്ടർ അഭ്യർഥിച്ചു. ബൂത്ത് ലെവൽ ഏജൻറ് മാരെ നിയോഗിക്കാൻ രാഷ്ട്രീയപാർട്ടികളോട് കലക്ടർ നിർദേശിച്ചു. ഫോം 12 ഡി പ്രകാരം ആബ്സൻ്റീ വോട്ടർ സൗകര്യം അനുവദിക്കുന്നതിനുള്ള പ്രായപരിധി 85 വയസ്സായി ഉയർത്തിയിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലോ പരിശീലന കേന്ദ്രങ്ങളിലോ മാത്രമേ പോസ്റ്റൽ ബാലറ്റ് സൗകര്യം ഉണ്ടാകൂ. തപാൽ വഴി അയയ്ക്കാനുള്ള സൗകര്യം ലഭ്യമല്ല. വാണിയമ്പുഴ, പുഞ്ചക്കൊല്ലി എന്നിവിടങ്ങളിൽ പുതുതായി പോളിംഗ് ബൂത്തുകൾ അനുവദിച്ചിട്ടുണ്ടെന്നും ആദിവാസി വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം ഇതുവഴി സുഗമമാകുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത പ്രചാരണ ബോർഡുകളും ബാനറുകളും നീക്കം ചെയ്യാൻ സി.വിജിൽ സംവിധാനം വഴി അധികൃതരുടെ സഹായം തേടണമെന്നും കലക്ടർ പറഞ്ഞു.
ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഹരിത പെരുമാറ്റച്ചട്ടം പൂർണമായും പാലിക്കണമെന്ന് കളക്ടർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ നിർദ്ദേശിച്ചു. പി.വി.സി, ഫ്ലക്സ്, നൈലോൺ, പോളിയെസ്റ്റർ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള തുണി എന്നിവ പൂർണമായും ഒഴിവാക്കണം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന നിരോധിത പ്രചാരണ വസ്തുക്കൾ പിടിച്ചെടുക്കും. റീസൈക്കിൾ ചെയ്യാവുന്ന വസ്തുക്കൾ തെരഞ്ഞെടുപ്പിനു ശേഷം ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയോ, പ്രിന്റിംഗ് സ്ഥാപനം തിരിച്ചെടുക്കുകയോ ചെയ്യണം.
ജില്ലയിലെ പ്രിന്റിംഗ് സ്ഥാപന ഉടമകളുടെ പ്രത്യേക യോഗം വിളിച്ചു ചേർത്ത് ഹരിത പെരുമാറ്റച്ചട്ടം കലക്ടർ വിശദീകരിച്ചു.