കോഴിക്കോട്ട് വിവാഹസല്‍ക്കാരത്തിനെത്തിയ ഉമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു

കോഴിക്കോട് : കുണ്ടായിത്തോട് വിവാഹസല്‍ക്കാരത്തിനെത്തിയ യുവതിയും മകളും ട്രെയിനിടിച്ചു മരിച്ചു. ഒളവണ്ണ മാത്തറ ചാലില്‍ ഹൗസില്‍ നിസാറിന്റെ ഭാര്യ നസീമ (42), മകള്‍ ഫാത്തിമ നഹ്‌ല (16) എന്നിവരാണ് മരിച്ചത്.

കുണ്ടായിത്തോട് കല്ലേരിപ്പാറയില്‍ ഹംസക്കോയയുടെ മകന്‍ ഹാരിസിന്റെ വിവാഹസല്‍ക്കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. തിങ്കള്‍ വൈകീട്ട് അഞ്ചിന് റെയില്‍ പാളം മുറിച്ചുകടക്കവെ ഇരുവരെയും കൊച്ചുവേളി-ചണ്ഡീഗഡ് സമ്പര്‍ക്ക് ക്രാന്തി ട്രെയിന്‍ ഇടിക്കുകയായിരുന്നു.

ഒളവണ്ണ മാത്തറ സ്വദേശിനിയായ പാത്തേയിയും മകള്‍ നസീമയും, കൊച്ചുമകള്‍ ഫാത്തിമ നഹ്ലയും വിവാഹ സല്‍ക്കാരത്തിന് ഇന്നലെ വൈകീട്ടോടെയാണ് വീട്ടില്‍ നിന്ന് യാത്ര തിരിച്ചത്. ബസ് ഇറങ്ങി റെയില്‍ പാളം ആദ്യം മുറിച്ചു കടന്നത് പാത്തേയി ആണ്. എന്നാല്‍ ട്രെയിന്‍ വരുന്നത് കണ്ട് രണ്ടു പേരോടും പാളത്തിലേക്ക് ഇറങ്ങരുതെന്ന് പാത്തേയി പറഞ്ഞെങ്കിലും വൈകിപ്പോയിരുന്നു. ട്രാക്കിലൂടെ വന്ന കൊച്ചുവേളി- ഛണ്ഡീഗഡ് സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ പതറി പോയ പാത്തേയ് വിവാഹ വീട്ടില്‍ ചെന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. നസീമ സംഭവസ്ഥലത്തു വച്ചും ഫാത്തിമ നഹ്‌ല ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.

കിണാശ്ശേരി ഗവ. സ്‌കൂളിലെ വി.എച്ച്.എസ്.ഇ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് നഹ്ല. സഹോദരി: ഫാത്തിമ നിഹാല. നസീമയുടെ സഹോദരങ്ങള്‍: നാസര്‍, ഷിഹാബ്, സീനത്ത്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് മാത്തറ ജുമാ മസ്ജിദില്‍

error: Content is protected !!