
തേഞ്ഞിപ്പലം : ചെനക്കലങ്ങാടി പള്ളിപ്പടിയിൽ
വീട്ടു മുറ്റത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. ചേളാരി ജി ഡി എസ് ഹൈപ്പർ മാർട്ട് ഉടമ ചെനക്കലങ്ങാടി പൊറോളി അബ്ദുള്ള മകൻ ആദിൽ ആരിഫ്ഖാൻ (29) ആണ് മരിച്ചത്.
21 തിങ്കളാഴ്ചയാണ് സംഭവം. രാത്രി 11.45ന് കാർ നിർത്തിയ ഉടനെ എൻജിന്റെ ഭാഗത്തുനിന്ന് തീയും പുകയും പടരുകയും കാറിൽ അകപ്പെടുകയുമായിരുന്നു. ഒരുവിധം കാറിന്റെ വാതിൽ തുറന്ന് സ്വയം പുറത്തുകടന്ന ആദിലിന്റെ നിലവിളി കേട്ടാണ് വീട്ടുകാർ വിവരമറിഞ്ഞത്. ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് കഴിഞ്ഞ ദിവസം വിദഗ്ധ ചികിൽസക്കായി ഡൽഹിയിലെ എയിംസിലേക്ക് കൊണ്ട് പോയിരുന്നെങ്കിലും ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
കാർ പൂർണമായും കത്തിനശി ച്ചു. 2 വർഷം മാത്രം പഴക്കമുള്ള 16 ലക്ഷത്തിലേറെ വിലയുള്ള കാറാണിത്. കാർ വീടിൻ്റെ ഗേറ്റിൽ എത്തിയപ്പോൾ പൊടുന്നനെ ഓഫായിരുന്നു. വീണ്ടും സ്റ്റാർട്ടാക്കി മുന്നോട്ട് എടുത്തതിനു പിന്നാലെയാണ് കാർ കത്തിയത്. വീട്ടുമുറ്റത്തുനിന്ന് തീ ഗോളങ്ങൾ ഉയരുന്നതുകണ്ട് ഓടിക്കൂടിയവരാണ് തീയണച്ചത്. ദുബായിൽ ബിസിനസ് നടത്തുന്ന ആദിൽ ഒന്നര മാസം മുൻപാണ് നാട്ടിലെത്തിയത്. വൈകാതെ ദുബായിലേക്ക് മടങ്ങാനിരു ന്നതാണ്.