ജിസാനില്‍ മലപ്പുറം സ്വദേശിയായ യുവാവ് താമസസ്ഥലത്ത് മരിച്ചനിലയില്‍ ; നാട്ടില്‍ നിന്നും അവധി കഴിഞ്ഞി തിരിച്ചെത്തിയിട്ട് 15 ദിവസം

ജിസാന്‍ : ജിസാനില്‍ മലപ്പുറം സ്വദേശിയായ യുവാവ് താമസസ്ഥലത്ത് മരിച്ചനിലയില്‍. കോട്ടക്കല്‍ സ്വദേശിയും ജിസാന്‍ അല്‍ഹയാത്ത് ആശുപത്രിയിലെ അനസ്‌തേഷ്യ ടെക്നീഷ്യനുമായ റഹീസ് അലി(30)യെയാണ് ആശുപത്രിയോടനുബന്ധിച്ചുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴ് വര്‍ഷമായി ജിസാന്‍ അല്‍ഹയാത്ത് ആശുപത്രിയില്‍ അനസ്‌തേഷ്യ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന റഹീസ് കഴിഞ്ഞ മാസം 26 നാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്.

ഇന്ന് ഉച്ചയ്ക്ക് ഡ്യൂട്ടിയുണ്ടായിട്ടും റഹീസ് ആശുപത്രിയില്‍ ജോലിക്കെത്തിയിരുന്നില്ല. റഹീസിനെ ഫോണില്‍ ബന്ധപ്പെട്ടിട്ടും പ്രതികരണമില്ലാത്തതിനാല്‍ രണ്ടരയോടെ സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്സിലെത്തി വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് ബലംപ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോട്ടക്കല്‍ അട്ടീരി പുത്തൂര്‍ കമ്പ്രത്ത് പുലിക്കോടന്‍ മുഹമ്മദ് അലിയുടെയും ജമീലയുടെയും മകനാണ് റഹീസ്. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ജിസാന്‍ സിറ്റി പോലീസ് സ്ഥലത്തെത്തി നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം റഹീസിന്റെ മൃതദേഹം അല്‍ഹയാത്ത് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. എന്‍.കെ.ഹരീജയാണ് ഭാര്യ. മക്കള്‍ റയാന്‍ അലി (6), ഹിദാ അലി (3).

error: Content is protected !!