ഷവര്‍മക്കൊപ്പം നല്‍കുന്ന പച്ചമുളകിന്റെ വലിപ്പം കുറഞ്ഞു ; മലപ്പുറത്ത് കടയുടമക്കും മക്കള്‍ക്കും ക്രൂരമര്‍ദ്ദനം

ഷവര്‍മക്കൊപ്പം നല്‍കുന്ന പച്ചമുളകിന്റെ വലിപ്പം കുറവാണെന്ന് പറഞ്ഞ് കടയുടമക്കും മക്കള്‍ക്കും ക്രൂരമര്‍ദ്ദനം. പുത്തനത്താണിയിലെ തിരുനാവായ റോഡിലെ കുട്ടികളത്താണിയിലുള്ള എന്‍ജെ ബേക്കസ് ആന്റ് കഫേയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അതിക്രമം നടന്നത്. പുത്തനത്താണി സ്വദേശി കരീം, മക്കളായ മുഹമ്മദ് ഷബില്‍, അജ്മല്‍ എന്നിവര്‍ക്ക് പരുക്കേറ്റു. രാത്രിയില്‍ ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് അതിക്രമം കാണിച്ചത്. നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നോവ കാറില്‍ എത്തിയ കല്‍പ്പഞ്ചേരി സ്വദേശികളായ ജനാര്‍ദനന്‍ (45), സത്താര്‍ (45), മുഹമ്മദ് ഹനീഫ് (45), മുജീബ് (45) എന്നിവര്‍ കാറില്‍ ഇരുന്ന് തന്നെ രണ്ടു വീതം സാന്‍ഡ്വിച്ചും ഷവര്‍മയും ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ പിന്നീട് സാന്‍ഡ്വിച്ച് വേണ്ടന്ന് പറഞ്ഞ ഇവര്‍ കൂടുതല്‍ സാലഡ് ആവശ്യപ്പെടുകയായിരുന്നു. ഇത് നല്‍കാനായി കാറിനരികില്‍ ബേക്കറി ഉടമ വയനാട് കുന്നമ്പറ്റ സ്വദേശിയായ കരീം എത്തിയപ്പോള്‍ മുളക് ചെറുതായെന്ന പരാതി ഉയര്‍ത്തി ബഹളം വച്ചു. കാറില്‍ കരുതിയ ഇരുമ്പുവടികൊണ്ട് കരീമിനെ മര്‍ദിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന വടിയെടുത്ത് അജ്മലിനെ അടിച്ച സംഘം തള്ളി വീഴ്ത്തി തലയ്ക്ക് ചവിട്ടുകയും ചെയ്തു സബീലിനെ കടിച്ചും പരിക്കേല്‍പ്പിച്ചു. തടയാനെത്തിയ മക്കളായ സബീല്‍ , അജ്മല്‍ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. സംഭവം കണ്ട് നാട്ടുകാര്‍ ഓടി കൂടിയതോടെ ആക്രമണം നടത്തിയ സംഘം രക്ഷപ്പെട്ടു. പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

error: Content is protected !!