
എറണാകുളം : നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ആറാട്ടണ്ണന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. സിനിമ നടികളില്‍ മിക്കവരും വേശ്യകളാണെന്ന പരാമര്‍ശമാണ് ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയത്. അമ്മ സംഘടനയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ നിര്‍വധി നടിമാര്‍ സന്തോഷ് വര്‍ക്കിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കേസെടുത്ത പൊലീസ് സന്തോഷ് വര്‍ക്കിയെ പിടികൂടിയത്.
സന്തോഷ് വര്‍ക്കിക്കെതിരെ നടി ഉഷ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ നാല്‍പത് വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് ഇത് മാനസിക വിഷമത്തിന് കാരണമായി എന്ന് ചൂണ്ടിക്കാട്ടിയാണ് ഉഷ ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് സന്തോഷ് വര്‍ക്കിയുടെ പോസ്റ്റെന്നും ഒരു നടി എന്ന നിലയില്‍ തനിക്ക് ഇത് അപമാനം ഉണ്ടാക്കിയതായും പരാതിയില്‍ ഉഷ ചൂണ്ടിക്കാട്ടി.
ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന നടികളെ മുഴുവന്‍ അവഹേളിക്കുന്ന തരത്തില്‍ സന്തോഷ് വര്‍ക്കി എന്ന ആറാട്ട് അണ്ണന്‍ നടത്തിയ ഈ പ്രവര്‍ത്തിക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും നടി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. സിനിമ നടിമാര്‍ക്കെതിരെ ഫേസ് ബുക്ക് പേജിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.