ലോറിയില്‍ കടത്താന്‍ ശ്രമിച്ച 230 കിലോ കഞ്ചാവുമായി പിടിയിലായ പ്രതികള്‍ക്ക് 30 വര്‍ഷം തടവും പിഴയും ശിക്ഷ

തിരൂര്‍ : 230 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതികള്‍ക്ക് 30 വര്‍ഷം വീതം കഠിന തടവും 2 ലക്ഷം രൂപ വീതം പിഴയും ശിക്ഷ. പാലക്കാട് ആലത്തൂര്‍ സ്വദേശി പാലതൊടി മനോഹരന്‍ (35), തൃശൂര്‍ ആളൂര്‍ പൊരുന്നാള്‍ക്കുന്ന് സ്വദേശി ആത്തി പാലത്തില്‍ ദിനേശ് (40) എന്നിവരെയാണ് മഞ്ചേരി എന്‍ഡിപിഎസ് കോടതി ജഡ്ജ് എംപി ജയരാജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷം വീതം അധിക തടവും ശിക്ഷ വിധിച്ചു.

2021 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാവിലെ 11.50 ന് ചമ്രവട്ടം പാലത്തിന് സമീപം വെച്ചാണ് വില്പനക്കായി ലോറിയില്‍ കടത്തി കൊണ്ടുവരുകയായിരുന്ന 230 കിലോഗ്രാം കഞ്ചാവ് തിരൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന അബ്ദുല്‍ ജലീല്‍ കറുത്തേടത്ത് ബന്തവസ്സില്ലെടുത്തു പ്രതികളെ സ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത തിയതി മുതല്‍ ഈ പ്രതികള്‍ ജാമ്യം ലഭിക്കാതെ വിയ്യൂര്‍ സെന്റര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു വരുകയാണ്. രണ്ടാം പ്രതിക്ക് ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ച ശേഷം ഒളിവില്‍ പോയിരുന്നു.

തിരൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എംജെ ജിജോ ആണ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുരേഷ്, ഹാജരായി. 10 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും 39 രേഖകളും 5 മെറ്റീരിയല്‍ ഒബ്ജക്റ്റുകളും ഹാജരാക്കിയിട്ടുള്ളതാണ്. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ ജെഎസ്‌ഐ സുരേഷ് ബാബുവാണ് പ്രോസിക്യൂഷനെ സഹായിച്ചത്.

error: Content is protected !!