വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; ഷിയാസ് കരീം അറസ്റ്റില്‍

ചെന്നൈ: വിവാഹ വാഗ്ദാനം നല്‍കിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ ഷിയാസ് കരീം പിടിയില്‍. ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് സിനിമാ, റിയാലിറ്റി ഷോ താരം എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കരീമിനെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാല്‍ ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വെക്കുകയായിരുന്നു. തുടര്‍ന്ന് ചന്തേര പൊലീസിനെ ചെന്നൈ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം ചെന്നൈയില്‍ എത്തി ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തും.

ജിമ്മില്‍ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. പണം തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിവിവാഹബന്ധം വേര്‍പിരിഞ്ഞ 32 വയസുകാരിക്ക് വിവാഹ വാദ്ഗാനം നല്‍കുകയും 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്‌തെന്നാണു പരാതി. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മര്‍ദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരില്‍ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയിലുണ്ട്. എറണാകുളത്ത് ജോലി ചെയ്യുകയാണ് പരാതിക്കാരി.

നേരത്തെ, താന്‍ ജയിലിലല്ലെന്നും ദുബായിലാണെന്നും വ്യക്തമാക്കി ഷിയാസ് കരീം ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. ‘എന്നെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ ജയിലില്‍ അല്ല… ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാന്‍ വന്നതാണ്.’ ‘നാട്ടില്‍ വന്നിട്ട് അരിയൊക്കെ ഞാന്‍ തരുന്നുണ്ട്. നാട്ടില്‍ ഞാന്‍ ഉടന്‍ എത്തും. വന്നതിനുശേഷം നേരിട്ടു കാണാം’, എന്ന് പറഞ്ഞ് ചില മോശം വാക്കുകളോടെയായിരുന്നു വീഡിയോ. വീഡിയോ വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് ഷിയാസ് രംഗത്തെത്തി.

error: Content is protected !!