മലപ്പുറം : ടെക്നോളജിയുടെ വളർച്ചയോടൊപ്പം ഉപഭോക്തൃ ചൂഷണത്തിനുള്ള അവസരവും ഏറിവരികയാണെന്നും ഇതിനെതിരായ വ്യാപകമായ ബോധവൽക്കരണം ആവശ്യമാണെന്നും ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡൻ്റ് അഡ്വ കെ. മോഹൻദാസ്. ഓൺലൈൻ മേഖലയിലെ ഉപഭോക്തൃ വഞ്ചനകൾ കമ്മീഷൻ വളരെ ഗൗരവമായി കാണുന്നുവെന്നും മറ്റു ഉപഭോക്താക്കളെ പോലെ തന്നെ ഓൺലൈൻ മേഖലയിലെ ഉപഭോക്താക്കൾക്കും കൺസ്യുമർ കമ്മീഷനുകളെ സമീപിക്കാമെന്നും ഉപഭോക്തൃ വകുപ്പ് ഇക്കാര്യത്തിൽ കൂടുതൽ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മക്കരപറമ്പ് ഹയർ സെക്കണ്ടറി സ്കൂളിൽ ഉപഭോക്തൃ വാരാചരണത്തിൻ്റെ ഭാഗമായി നടന്ന ജില്ലാ തല സെമിനാർ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ സപ്ലൈ ഓഫീസർ എ. സജ്ജാദ് അധ്യക്ഷത വഹിച്ചു. അഡ്വ. വി.റിനിഷ, സി.പി.അബ്ദുറഹിമാൻ, കെ. കെ അജിത്, ടി. അനിൽകുമാർ, അഡ്വ.ഷിജിത്, ഉമേഷ് രവി എന്നിവർ പ്രസംഗിച്ചു. ശിവദാസ് പിലാപറമ്പിൽ സ്വാഗതവും പി.അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
ജില്ലാ തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിലേയും ലേഖന മത്സരത്തിലേയും വിജയികൾക്ക് സമ്മാനവും ചടങ്ങിൽ വെച്ചു നൽകി. ജില്ലാ തല ഉപന്യാസ മത്സരത്തിൽ നെടുവ ജി. എച്ച്. എസിലെ സി. അർച്ചന ഒന്നാം സ്ഥാനവും മഞ്ചേരി ജി. ബി.എച്ച്. എസ്. എസിലെ എം. അൻഷ രണ്ടാം സ്ഥാനവും സെന്റ് ജമ്മാസ് എച്ച്. എസിലെ പി. ദേവിക മൂന്നാം സ്ഥാനവും നേടി. ജില്ലാ തല ക്വിസ് മത്സരത്തിൽ വടശ്ശേരി ജി. എച്ച്. എസിലെ ടി. ജുന്ന ഒന്നാം സ്ഥാനവും പരിയാപുരം സെന്റ് മേരിസ് സ്കൂളിലെ എൻ. പി അപർണ്ണ രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനം മക്കരപറമ്പ് ജി. വി. എച്ച്. എസിലെ മുഹമ്മദ് ജിനാൻ, പാണക്കാട് ഡി. യു. എച്ച്. എസ്. എസിലെ ഫാത്തിമ നഹ്ല എന്നിവർ പങ്കിട്ടു.