വീണ്ടും എ പ്ലസ് തിളക്കത്തില്‍ ജില്ല; ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം: ജില്ലയില്‍ 86.80 ശതമാനം വിജയം

സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 48054 വിദ്യാര്‍ഥികള്‍ യോഗ്യത നേടി
   
4,283 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ നിന്ന് 86.80 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 243 സ്‌കൂളുകളിലായി സ്‌കൂള്‍ ഗോയിങ് റഗുലര്‍ വിഭാഗത്തില്‍ 55,359 വിദ്യാര്‍ഥികള്‍ പരീക്ഷ   എഴുതിയതില്‍ 48054 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. 4,283 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. മലപ്പുറം ജില്ലയിലാണ് എല്ലാ വിഷയങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ എ പ്ലസുള്ളത്. കഴിഞ്ഞ വര്‍ഷം (2021) 6707 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ   പരീക്ഷയ്ക്ക് സജ്ജരാക്കിയിട്ടുള്ളത് പാലേമേട് എസ്.വി ഹയര്‍സെക്കന്‍ഡറി   സ്‌കൂള്‍, കല്ലിങ്ങല്‍ എം.എസ്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളാണ്. യഥാക്രമം 741 ഉം 714 ഉം വിദ്യാര്‍ഥികളെയാണ് പരീക്ഷയ്ക്കിരുത്തിയത്. ജില്ലയില്‍ 13        സ്‌കൂളുകളാണ് 100 ശതമാനം വിജയം നേടിയിട്ടുള്ളത്. സംസ്ഥാന ശരാശരിയേക്കാള്‍ ഉയരെയാണ് മലപ്പുറം ജില്ലയുടെ വിജയശതമാനം. കഴിഞ്ഞ വര്‍ഷം 89.44 ശതമാനം വിജയമായിരുന്നു ജില്ലയുടേത്.

ടെക്‌നിക്കല്‍ വിഭാഗത്തില്‍ ജില്ലയില്‍ നിന്ന് 295 പേര്‍ പരീക്ഷയെഴുതിയതില്‍ 196 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. 66 ശതമാനമാണ് വിജയം.  നാല് പേരാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. ഓപ്പണ്‍ വിഭാഗത്തില്‍ 18171 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 8687 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 47.81 ശതമാനമാണ് വിജയ ശതമാനം. 246 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസുണ്ട്. ഓപ്പണ്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയതും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഒന്നാം സ്ഥാനം ജില്ലയ്ക്കാണ്. വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ജില്ലയില്‍ 2766 പേര്‍ പരീക്ഷ എഴുതിയതില്‍ 2279 പേര്‍ ഉപരിപഠനത്തിന് യോഗ്യത  നേടിയിട്ടുണ്ട്. 82.39 ആണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 83.22 ശതമാനം വിജയമാണുണ്ടായിരുന്നത്. സംസ്ഥാനതലത്തില്‍  ജില്ലയ്ക്ക്  മൂന്നാം സ്ഥാനമാണുള്ളത്.

2022 മാര്‍ച്ചിലെ രണ്ടാം വര്‍ഷ പരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് യോഗ്യത നേടാനാവാത്ത വിഷയങ്ങള്‍ക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം.  2022 ലെ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷാ നോട്ടിഫിക്കേഷന്‍ ഉടന്‍ പ്രസിദ്ധീകരിക്കും.

ജില്ലയിലെ വിജയശതമാനം ഉയര്‍ത്തുന്നതിനായി ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇതലത്തിലും ജില്ലാപഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ നടത്തിയിരുന്നു. എല്ലാ വിഷയങ്ങള്‍ക്കും  പ്രത്യേക മൊഡ്യൂളുകള്‍ തയ്യാറാക്കി സ്‌കൂളുകളിലേക്കെത്തിച്ചിരുന്നു.  അഭിമാനാര്‍ഹമായ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എല്ലാവിധ പിന്തുണ സംവിധാനങ്ങളുമൊരുക്കിയ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നസീബ അസീസ്   എന്നിവര്‍ അഭിനന്ദിച്ചു.

നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകള്‍

1. വാഴക്കാട് കാരുണ്യഭവന്‍ എച്ച്.എസ്.എസ് ഫോര്‍ ഡെഫ്
2. നിലമ്പൂര്‍ പീവീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
3. ഒഴുകൂര്‍ ക്രസന്റ് സ്‌കൂള്‍
4. ചാപ്പനങ്ങാടി പി.എം.എസ്.എ.വി എച്ച്.എസ്.എസ്
5. കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസ്
6. പൊന്നാനി എ.വി.എച്ച്.എസ്.എസ്
7. പൂക്കളത്തൂര്‍ ചേക്കുട്ടി ഹാജി മെമ്മോറിയല്‍ എച്ച്.എസ്.എസ്
8. ധര്‍മഗിരി ചേലക്കാട് ഐഡിയല്‍ എച്ച്. എസ്.എസ്
9. കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് എച്ച്. എസ്.എസ്
10. പോട്ടൂര്‍ മോഡേണ്‍ എച്ച്.എസ്.എസ്
11. നിലമ്പൂര്‍ ലിറ്റില്‍ ഫ്ളവര്‍ എച്ച്.എസ്. എസ്
12. മലപ്പുറം ഇസ്ലാഹിയ ഇ.എം.എച്ച്.എസ്.എസ്
13. പെരിന്തല്‍മണ്ണ, മാലാപറമ്പ് അസ്സിസി സ്‌കൂള്‍ ഫോര്‍ ഡെഫ്

എ പ്ലസ് കണക്ക് (2014-2022)
2014  : 735
2015 :  993
2016:   957
2017 :  1131
2018 :  1935
2019 :  1937
2020 :  2234
2021 :  6707
2022 :  4283

error: Content is protected !!