ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം വര്‍ധിപ്പിച്ചു ; പ്രവേശനത്തിന് കുട്ടികള്‍ക്ക് പരീക്ഷ നടത്തുകയോ ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹം : മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറുവയസാക്കി ഉയര്‍ത്താന്‍ കഴിയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂള്‍ പ്രവേശന പ്രായം കേരളത്തില്‍ അഞ്ച് വയസാണ് ഇപ്പോള്‍. എന്നാല്‍ ആറു വയസിന് ശേഷമാണ് കുട്ടികള്‍ വിദ്യാഭ്യാസത്തിനായി സജ്ജരാകുന്നതെന്നാണ് ശാസ്ത്രീയമായ പഠനങ്ങള്‍ പറയുന്നതെന്നും അതുകൊണ്ടാണ് വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം ആറ് വയസോ അതിന് മുകളിലോ ആക്കുന്നതെന്നും അതുകൊണ്ടുതന്നെ 2026-27 ലേക്കുള്ള ഒന്നാം ക്ലാസ് പ്രവേശന പ്രായത്തില്‍ മാറ്റം കൊണ്ടുവരാനുള്ള ആലോചനയിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ കാലങ്ങളായി കുട്ടികളി അഞ്ചാം വയസില്‍ ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്നതില്‍ മാറ്റം വരണമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ നിലവില്‍ ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്നത് ആറ് വയസിന് മുകളിലാണെന്നും ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം 2009ലെ വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കുട്ടികള്‍ക്ക് പരീക്ഷ നടത്തുകയോ ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. നിയമത്തിലെ സെക്ഷന്‍ 13 (1) എ, ബി ക്ലോസുകള്‍ ഈ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ നിയമം കാറ്റില്‍ പറത്തി ചില വിദ്യാലയങ്ങള്‍ ഇത് തുടരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!