
ആയുര്‍വേദ മരുന്നുകടയും ക്ലിനിക്കും നടത്തുന്നതിന്റെ തിരക്കുകള്‍ക്കിടയിലും വിദൂര വിഭാഗം വഴി പഠിച്ച് ബിരുദം നേടാനായതിന്റെ സന്തോഷത്തിലാണ് അങ്കമാലി സ്വദേശി കെ. ഒ. ലോനപ്പന്‍. 64-ാം വയസ്സിലാണ് ഈ ബിരുദനേട്ടം എന്നത് ഇരട്ടിമധുരമാകുന്നു. 1977-ല്‍ എസ്.എസ്.എല്‍.സി. ജയിച്ച ശേഷം തുടര്‍പഠനം മുടങ്ങി. പിന്നീട് ജീവിതത്തിരക്കുകളായി. മക്കളെല്ലാം ഉന്നതപഠനം നേടി വിദേശത്ത് ജോലിയില്‍ പ്രവേശിച്ചതോടെ ഭാര്യ ജിജിയുമൊത്ത് ബിസിനസിലായി ശ്രദ്ധ. ഇതിനിടെ 2020-ല്‍ തുല്യതാപഠനം വഴി പ്ലസ്ടു ജയിച്ചു. പിന്നെയാണ് കാലിക്കറ്റിന്റെ വിദൂരവിഭാഗം വഴി ബി.എ. സോഷ്യോളജിക്ക് ചേര്‍ന്നത്. കോണ്ടാക്ട് ക്ലാസും പഠനക്കുറിപ്പുകളും വെച്ച് പഠിച്ചു ജയിച്ചു. സര്‍വകലാശാലയില്‍ നടന്ന ഗ്രാജ്വേഷന്‍ സെറിമണിയില്‍ സദസ്സിലുയര്‍ന്ന വന്‍ കൈയടികള്‍ക്കിടെയാണ് ലോനപ്പന്‍ ബിരുദസര്‍ട്ടിഫിക്കറ്റ് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രനില്‍ നിന്ന് ഏറ്റുവാങ്ങിയത്.