Tuesday, March 24

പാരമ്പര്യവും പോരാട്ടവീര്യവും തൊട്ടറിഞ്ഞ് അജിത്ത് കൊളാടി; ചരിത്ര സ്മാരകങ്ങളും കുടുംബങ്ങളും സന്ദർശിച്ച് പ്രചരണം


തിരൂരങ്ങാടി: തിരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ, മണ്ഡലത്തിന്റെ ചരിത്രവും പോരാട്ട സ്മരണകളും ഇരമ്പുന്ന കേന്ദ്രങ്ങൾ സന്ദർശിച്ച് തിരൂരങ്ങാടി എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത്ത് കൊളാടി. വോട്ടർമാരെ നേരിൽ കാണുന്നതിനൊപ്പം പ്രദേശത്തെ സാംസ്കാരിക-ചരിത്ര നായകരുടെ വസതികൾ സന്ദർശിച്ചും പഴയകാല നേതാക്കളുടെ അനുഗ്രഹം തേടിയുമാണ് അജിത്ത് കൊളാടിയുടെ പര്യടനം മുന്നേറുന്നത്.
തിങ്കളാഴ്ച രാവിലെ പാലത്തിങ്ങൽ ന്യൂകട്ടിൽ പ്രഭാത സവാരിക്കെത്തിയവരുമായി സംവദിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്. തുടർന്ന് മണ്ഡലത്തിലെ ചരിത്രപ്രധാനമായ ഇടങ്ങളിലേക്കും വ്യക്തിത്വങ്ങളിലേക്കും അദ്ദേഹം എത്തിച്ചേർന്നു.
മലബാർ സമരത്തിന്റെ ഉജ്ജ്വല സ്മരണകൾ ഇരമ്പുന്ന വീടുകളിലായിരുന്നു സ്ഥാനാർത്ഥിയുടെ പ്രധാന സന്ദർശനം.
വിജ്ഞാന വെളിച്ചം പകർന്നുനൽകിയ അക്ഷരദീപം പത്മശ്രീ കെ.വി. റാബിയയുടെ വസതിയിലും സന്ദർശിച്ചു. മലബാർ സമരത്തിലെ ധീര സേനാനികളായിരുന്ന ഒറ്റയിൽ വലിയ മുഹമ്മദ്, ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അമരക്കാരൻ കൊണ്ടച്ചംപറമ്പിൽ കുഞ്ഞിപോക്കർ ഹാജി എന്നിവരുടെ കുടുംബാംഗങ്ങളെ നേരിൽ കണ്ട് സംസാരിച്ചു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ തൂക്കിലേറ്റപ്പെട്ട കൊക്കപ്പറമ്പൻ രായിന്റെ വീട് സന്ദർശിച്ച് അദ്ദേഹം ആദരമർപ്പിച്ചു. ആലി മുസ്ലിയാർ ദർസ് നടത്തിയിരുന്ന തിരൂരങ്ങാടിയിലെ ചരിത്രപ്രസിദ്ധമായ കിഴക്കെ പള്ളിയും സ്ഥാനാർത്ഥി സന്ദർശിച്ചു.
ചീർപ്പങ്ങൽ കാളംതിരുത്തിയിലെ പ്രശസ്തമായ പൊറോട്ടയും ബീഫും കഴിച്ച് നാട്ടുകാർക്കൊപ്പം ലളിതമായ രീതിയിൽ സമയം ചെലവഴിച്ചത് പ്രവർത്തകർക്കിടയിൽ ആവേശമായി.
രോഗബാധിതരെയും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെയും നേരിൽ കണ്ട് ക്ഷേമവിവരങ്ങൾ അന്വേഷിക്കാനും അദ്ദേഹം സമയം കണ്ടെത്തി. പഴയകാല എൽ.ഡി.എഫ് നേതാക്കളുടെ അനുഭവങ്ങളും ഉപദേശങ്ങളും വരും ദിവസങ്ങളിലെ പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജമാകുമെന്ന് അജിത്ത് കൊളാടി പറഞ്ഞു. വികസന മുരടിപ്പിനെതിരെയും മണ്ഡലത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാനും ജനങ്ങൾ ഇത്തവണ എൽ.ഡി.എഫിനൊപ്പം നിൽക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

error: Content is protected !!