
മെഗാ അദാലത്തില്‍ ആറ് പരാതികള്‍ തീര്‍പ്പാക്കി
അധ്യാപകനെതിരെ വിദ്യാര്‍ത്ഥികള്‍ ലൈംഗിക ആരോപണം ഉന്നയിച്ച സംഭവത്തില്‍ വിശദാംശങ്ങള്‍ തേടി കേരള വനിത കമ്മീഷന് അധ്യക്ഷ പി സതീദേവി മലപ്പുറം സെന്റ് ജമ്മാസ് സ്കൂള്‍ സന്ദര്‍ശിച്ചു. വനിത കമ്മീഷന് അംഗം ഇ.എം രാധയ്ക്കൊപ്പം സ്കൂള്‍ സന്ദര്‍ശിച്ച പി സതീദേവി പ്രധാനധ്യാപികയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സ്കൂള്‍ മാനേജ്മെന്റിനോട് വിശദീകരണം തേടുമെന്നും പോലീസ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും തുടര്‍ നടപടിയെന്നും വനിത കമ്മീഷന് അധ്യക്ഷ വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് പോക്സോ കേസെടുത്തിട്ടുണ്ട്. അധ്യാപകന് നിലവില്‍ റിമാന്‍ഡിലാണ്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കേരള വനിത കമ്മീഷന് സംഘടിപ്പിച്ച മെഗാ അദാലത്തിന് ശേഷമായിരുന്നു സ്കൂള്‍ സന്ദര്‍ശനം. 34 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ ആറ് പരാതികള്‍ തീര്‍പ്പാക്കുകയായിരുന്നു. 24 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. മൂന്ന് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. ഒരു കേസില്‍ ഡി.എന്‍.എ പരിശോധനയ്ക്ക് അനുമതി നല്കി. കുടുംബപരമായ പ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികളാണ് അദാലത്തില്‍ കൂടുതലായി വന്നതെന്ന് വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ പി.സതീദേവി പറഞ്ഞു. വനിതാ കമ്മീഷന് അംഗം ഇ.എം രാധ, അഭിഭാഷകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.