
കൊണ്ടോട്ടി കൊട്ടൂക്കരയില്‍ പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. വീട്ടില്‍ നിന്ന് കോളജിലേക്ക് പോകാന്‍ കൊട്ടൂക്കര അങ്ങാടിയിലേക്ക് പോകുന്നതിനിടെ പകല്‍ 12.45-ഓടെയാണ് സംഭവം. 21-കാരിയെ അക്രമി വയലിലേക്ക് വലിച്ചുകൊണ്ടുപോയി. കുതറി രക്ഷപ്പെട്ട വിദ്യാര്‍ഥിനി തൊട്ടടുത്ത വീട്ടില്‍ അഭയം തേടി.
ആളൊഴിഞ്ഞ വയലോരത്ത് കാത്തുനിന്നയാള്‍ വിദ്യാര്‍ഥിനിയെ കീഴ്പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കു പിടിച്ചുവലിച്ചു. കുതറിമാറി രക്ഷപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു.
മുഖത്തു കല്ലുകൊണ്ടിടിച്ചു പരിക്കേല്‍പ്പിച്ചു. ഇതോടെ പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിസരങ്ങളിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി.
പ്രതിയെന്നു സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്തുനിന്നു ലഭിച്ചു. മലപ്പുറത്തുനിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പോലീസ് നായ കൊട്ടൂക്കര ബസ് സ്റ്റോപ്പുവരെ മണംപിടിച്ചു പോയി. പ്രതി ബസ്സില്‍ക്കയറി രക്ഷപ്പെട്ടതായാണ് നിഗമനം. കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ എം.സി. പ്രമോദിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി എസ് പി സുജിത്ത് ദാസ് പറഞ്ഞു