Sunday, February 22

മദീനയിലെ വാഹനാപകടം, ഒരു കുട്ടി കൂടി മരിച്ചു; ഇതോടെ മരണം അഞ്ചായി

മദീന: മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ മരണം അഞ്ചായി. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മരിച്ച ജലീലിൻ്റെ മകൾ ഹാദിയ ഫാത്തിമ (9) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നാണ് മരിച്ചത്. അപകടത്തിൽ കുടുംബത്തിലെ നാലുപേർ സംഭവ ദിവസം തന്നെ മരിച്ചിരുന്നു. മലപ്പുറം വെള്ളില യു കെ പടി സ്വദേശിയും ഇപ്പൊൾ തിരൂർക്കാട് തോണിക്കരയിൽ താമസിക്കുന്നയാളുമായ നടുവത്ത് കളത്തിൽ അബ്​ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത്‌ കളത്തിൽ ആദിൽ (14), ജലീലിൻ്റെ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. അബ്ദുൽ ജലീലിന്റെ മറ്റു മക്കളായ അയിഷ (15) മദീന കിങ് ഫഹദ് ആശുപത്രിയിലും, നൂറ (7) എന്നിവർ സൗദി ജർമൻ ആശുപത്രിയിലും ചികിത്സയിലാണ്. മരിച്ച 4 പേരുടെയും മയ്യിത്ത് ഇന്ന് പുലർച്ചെ മദീനയിൽ കബറടക്കിയിരുന്നു. അതിന് ശേഷമാണ് ചികിത്സയിൽ കഴിഞ്ഞിരുന്ന മകൾ മരിച്ചത്.

ജിദ്ദയിൽ നിന്ന് അബ്​ദുൽ ജലീലും കുടുംബവും മദീന സന്ദർശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം. .കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനത്തിൽ ഏഴ്​ പേർ ഉണ്ടായിരുന്നു. ഇവർ സഞ്ചരിച്ച വാഹനം തീറ്റപ്പുല്ല്​ കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ജിദ്ദ-മദീന റോഡിൽ മദീനയിൽ നിന്ന് 100 കിലോമീറ്റർ അകലെ വാദി ഫറഹ എന്ന സ്ഥലത്ത്​ വെച്ചായിരുന്നു അപകടം. വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്തിരുന്ന അബ്​ദുൽ ജലീലിന്റെ കുടുംബം സന്ദർശന വിസയിൽ ജിദ്ദയിലെത്തിയതാണ്​. ഉമ്മ മൈമൂനത്ത്​ ഉംറ വിസയിലും. ജലീലിൻ്റെ 4 മക്കളാണ് സൗദിയിൽ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നത്. മറ്റുമക്കളായ അദ്നാൻ , ഹന , അൽ അമീൻ എന്നിവർ നാട്ടിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയാണ്. 30 വർഷത്തോളമായി ജലീൽ പ്രവാസിയാണ്. കുടുംബത്തോടൊപ്പം ഏറെക്കാലം മദീനയിൽ ആയിരുന്നു. നാട്ടിൽ മടങ്ങി എത്തിയിരുന്ന കുടുംബം ഏതാനും വർഷം മുമ്പാണ് വീണ്ടും ജിദ്ദയിലേക്ക് പോയത്.

error: Content is protected !!