ക്ഷേത്ര നടത്തിപ്പിലേക്ക് ഫണ്ട് പിരിക്കാന്‍ സര്‍ക്കുലര്‍ ഇറക്കി ; അസിസ്റ്റന്റ് കമ്മീഷണര്‍ മലപ്പുറത്തേക്ക്

കോഴിക്കോട് : ക്ഷേത്ര നടത്തിപ്പിലേക്ക് കോഴിക്കോട് സിറ്റിയിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ശമ്പളത്തില്‍ നിന്ന് മാസം തോറും 20 രൂപ വീതം സംഭാവന ഇനത്തില്‍ പിടിക്കുമെന്ന് സര്‍ക്കുലര്‍ ഇറക്കിയ അസിസ്റ്റന്റ് കമ്മീഷണറെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. കോഴിക്കോട് മുതലക്കുളം ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹി കൂടിയായ ആന്റി നര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിനെയാണ് മലപ്പുറത്തേക്ക് സ്ഥലംമാറ്റിയത്.

ജൂലൈ 19നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ക്ഷേത്ര നടത്തിപ്പിലേക്ക് ഫണ്ട് പിരിക്കാന്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സംഭാവന നല്‍കാന്‍ താത്പര്യമില്ലാത്ത സേനാ അംഗങ്ങള്‍ ജൂലൈ 24ന് മുമ്പ് കമ്മീഷണര്‍ ഓഫീസില്‍ വിവരം അറിയിക്കാനും നിര്‍ദേശിച്ചിരുന്നു. എസിപിയുടെ സര്‍ക്കുലറിനെതിരെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അതൃപ്തി അറിയിച്ചു.

സംഭവം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ സര്‍ക്കുലര്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. തുടര്‍ന്ന് തീരുമാനം വിലക്കിക്കൊണ്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എഡിജിപിയുടെ നിര്‍ദേശം നല്‍കി. ഒപ്പം വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആന്റി നര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിനെ മലപ്പുറത്തേക്ക് സ്ഥലംമാറ്റിയത്.

error: Content is protected !!