തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി ഓഫീസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ജോലി ചെയ്ത സംഭവം ; എഎംവിഐക്ക് സസ്‌പെന്‍ഷന്‍

തിരൂരങ്ങാടി : ജോയിന്റ് ആര്‍.ടി ഓഫീസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ജോലി ചെയ്ത സംഭവത്തില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. എ എം വി ഐ പി ബോണിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ആര്‍.ടി ഓഫീസില്‍ ജോലി ചെയ്യുന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് നടപടി. താനൂര്‍ സ്വദേശി സുജീഷ് കുമാറാണ് 13 വര്‍ഷം വ്യാജമായി ഇവിടെ ജോലി ചെയ്തത്. സബ് ആര്‍. ഓഫീസില്‍ ഉദ്യോഗസ്ഥന്‍മാരുടെ കമ്പ്യൂട്ടറില്‍ അവരുടെ ലോഗിന്‍ ഐ.ഡിയും പാസ് വേഡും ഉപയോഗിച്ചാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഏജന്റുമാരുടെ ബിനാമിയായാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏജന്റുമാരും ഉദ്യോഗസ്ഥന്‍മാരും ചേര്‍ന്നാണ് ഇയാള്‍ ശമ്പളം നല്‍കിയിരുന്നത്.

ആള്‍മാറാട്ടത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവജനസംഘടനകളില്‍ നിന്ന് പരാതി ഉയര്‍ന്നതോടെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി ഓഫീസില്‍ പരിശോധന നടത്തുകയും റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. സുജീഷ് കുമാറിനെതിരെ നിയമനടപടികള്‍ എടുത്തിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്. തിരൂരങ്ങാടി മോട്ടോര്‍ വാഹന ഓഫീസില്‍ ഡ്രൈവിംഗ് സ്‌കൂളുകളുടെയും ഏജന്റുമാരുടെയും ഭരണമാണ് നടക്കുന്നതെന്ന് വര്‍ഷങ്ങളായി ആരോപണമുണ്ട്.

error: Content is protected !!